പള്ളിപ്രവേശം തടസ്സപ്പെട്ടതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പിന്‍വാങ്ങി; നിയമപോരാട്ടം തുടരുമെന്ന് കൊച്ചി ഭദ്രാസനാധിപന്‍

single-img
24 November 2019

തിരുവനന്തപുരം: മുളന്തുരുത്തിയിലെ മാര്‍ത്തോമന്‍ പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പള്ളിപ്രവേശം വേണ്ടെന്ന് വെച്ച് ഓര്‍ത്തഡോക്ട്‌സ് വിഭാഗക്കാര്‍ മടങ്ങിപ്പോയി. ഇന്നലെ കോടതി ഉത്തരവുമായി എത്തിയ ഓര്‍ത്തഡോക്‌സ് സഭയിലെ കൊച്ചിഭദ്രാസനാധിപന്റെ നേതൃത്വത്തിലെത്തിയ വിശ്വാസികളെ യാക്കോബായ വിഭാഗക്കാര്‍ തടയുകയായിരുന്നു.

പള്ളിയില്‍ രാത്രി വൈകിയും യാക്കോബായ വിഭാഗക്കാര്‍ തമ്പടിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. പള്ളിയുടെ ഗേറ്റ് അടച്ചിട്ട് അകത്തിരുന്നായിരുന്നു യാക്കോബായക്കാരുടെ പ്രതിഷേധം. എന്തുവന്നാലും തങ്ങളുടെ പള്ളിയുടെ ഭരണം വിട്ടുനല്‍കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു. എന്നാല്‍ പള്ളിപ്രവേശം തടസ്സപ്പെട്ടതോടെ ഭദ്രാസനാധിപന്റെ നേതൃത്വത്തിലുള്ള വിഭാഗം ഗേറ്റിന് പുറത്ത് കുത്തിയിരുന്ന് പ്രാര്‍ത്ഥന നടത്തി.

ചെറിയതോതില്‍ സംഘര്‍ഷമുണ്ടായെങ്കിലും പൊലീസ് മൂവാറ്റുപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്‌തോടെ ഏറെ നേരം കാത്തിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ മടങ്ങിപ്പോവുകയായിരുന്നു.അതേസമയം നിയമപോരാട്ടം തുടരുമെന്ന് കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത അറിയിച്ചു.