ബിജെപിയ്ക്കായി മുകുൾ രൊഹാത്ഗി; ഹർജിക്കാർക്കായി കപിൽ സിബൽ, അഭിഷേക് സിങ്വി,സൽമാൻ ഖുർഷിദ്: സുപ്രീം കോടതിയിൽ അഭിഭാഷകരുടെ പട

single-img
24 November 2019

മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ഇന്ന് പരിഗണിക്കാനിരിക്കേ സുപ്രീം കോടതിയിൽ അഭിഭാഷകരുടെ വൻപട. മുതിർന്ന അഭിഭാഷകൻ മുകുൾ രൊഹാത്ഗിയാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്നവിസിനായി ഹാജരാകുന്നത്.

അജിത് പവാറിനായി മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ ആയിരിക്കും ഹാജരാകുക. അതേ സമയം ഹര്‍ജിക്കാര്‍ക്കായി കപില്‍ സിബല്‍, അഭിഷേക് സിങ്‌വി, സല്‍മാന്‍ ഖുര്‍ഷിദ്, വിവേക് തന്‍ഖ എന്നീ മുതിർന്ന അഭിഭാഷകർ ഹാജരാകും.

ഹർജി സുപ്രീം കോടതി 11.30ന് പരിഗണിക്കും. ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അത്യപൂർവ്വമായ സന്ദർഭങ്ങളിലാണ് സുപ്രീം കോടതി ഞായറാഴ്ച കേസ് പരിഗണിക്കുന്നത്.

ബിജെപി സര്‍ക്കാരിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.
ശിവസേന–NCP–കോണ്‍ഗ്രസ് സഖ്യത്തെ ക്ഷണിക്കണം, സര്‍ക്കാരിനെ നയിക്കാന്‍ ഉദ്ധവ് താക്കറെയെ അനുവദിക്കണം എന്നീ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്. ഗവര്‍ണറുടെ നടപടി ഏകപക്ഷീയവും ദുരുദ്ദേശപരവും നിയമവിരുദ്ധവും ആണെന്ന് ഹർജിക്കാർ ആരോപിക്കുന്നു.