ഗവർണറുടെ കത്ത് നാളെ രാവിലെ ഹാജരാക്കണമെന്ന് സുപ്രീം കോടതി: വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തിൽ തീരുമാനമായില്ല

single-img
24 November 2019

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ഗവർണർ നൽകിയ നാളെ രാവിലെ 10:30-ന് ഹാജരാക്കണമെന്ന് സുപ്രീം കോടതി. അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

അടിയന്തിരമായി നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേനയുടെ അഭിഭാഷകനായ കപിൽ സിബൽ വാദിച്ചു. വിശ്വാസവോട്ടെടുപ്പ് വൈകുന്നത് കുതിരക്കച്ചവടത്തിനുള്ള സൌകര്യമൊരുക്കുമെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ബിജെപിയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ നിയമസഭയിൽ തെളിയിക്കട്ടെയെന്നും അദ്ദേഹം വാദിച്ചു. ഗവർണറുടെ നടപടി പക്ഷപാതപരവും ദുരുദ്ദേശം നിറഞ്ഞതും എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തുന്നതുമാണെന്നും അദ്ദേഹം ആരോപിച്ചു.

“രാവിലെ 5:17-ന് രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച് ഉത്തരവ് വരുന്നു. എട്ടുമണിയാകുമ്പോൾ രണ്ടുപേർ മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യുന്നു. എന്തു രേഖകൾ സമർപ്പിച്ചിട്ടാണിതൊക്കെ?”

കപിൽ സിബൽ ചോദിച്ചു.

അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കിയതിന്റെ സാംഗത്യമാണ് എൻസിപിയുടെ അഭിഭാഷകനായ അഭിഷേക് സിങ്വി ചെയ്തത്. അജിത് പവാറിനെ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്നും പുറത്താക്കിയ പ്രമേയത്തിൽ പാർട്ടിയുടെ 54 എംഎൽഎമാരിൽ 41 പേരും ഒപ്പ് വെച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് ഗവർണർ അദ്ദേഹത്തെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചതെന്നും സിങ്വി ചോദിച്ചു.

അതേസമയം ഞായറാഴ്ച സുപ്രീം കോടതി ഹർജി പരിഗണിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ബിജെപിയ്ക്ക് വേണ്ടി ഹാ‍ജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രൊഹാത്ഗി തന്റെ വാദം ആരംഭിച്ചത്. കോടതി ഈ ഹർജി പരിഗണിക്കരുതെന്നും അദ്ദേഹം വാദിച്ചു.

ഗവർണർക്കും രാഷ്ട്രപതിയ്ക്കുമാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരമെന്നും അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുക എന്നത് കോടതികളുടെ അധികാ‍ര പരിധിയ്ക്കുള്ളിൽ അല്ലെന്നും മുകുൾ രൊഹാത്ഗി വാദിച്ചു.

എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. ഭൂരിപക്ഷം ഉണ്ടോ ഇല്ലയോ എന്നതാണിവിടുത്തെ പരിഗണനാ വിഷയം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് എന്‍.വി.രമണ, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അത്യപൂർവ്വമായ സന്ദർഭങ്ങളിലാണ് സുപ്രീം കോടതി ഞായറാഴ്ച കേസ് പരിഗണിക്കുന്നത്.