ഇന്നിങ്‌സിനും 46 റണ്‍സിനും വിജയിച്ചുകൊണ്ട് പിങ്ക് ബോള്‍ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യ

single-img
24 November 2019

ഇന്ത്യന്‍ ക്രിക്കറ്റ് ടീമാദ്യമായി അരങ്ങേറിയ പിങ്ക് ബോള്‍ ടെസ്റ്റിൽ വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ഇന്ത്യ ബംഗ്ളാദേശിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: ബംഗ്ലാദേശ് 106,195, ഇന്ത്യ 347. ഈ ജയത്തോടെ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പര ഇന്ത്യ സ്വന്തമാക്കി.

അഞ്ച് വിക്കറ്റുകൾ നേടിയ ഉമേഷ് യാദവും നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയുമാണ് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. മത്സരത്തിലാകെ ഇശാന്ത് ഒമ്പതും ഉമേഷ് എട്ടും വിക്കറ്റ് വീഴ്ത്തി. ആറ് വിക്കറ്റുകൾക്ക് 152 എന്ന നിലയില്‍ മൂന്നാംദിനം ആരംഭിച്ച ബംഗ്ലാദേശിന് ഇന്ന് 43 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍കൂടി നഷ്ടമാക്കുകയായിരുന്നു.

74 റണ്‍സ് എടുത്ത മുഷ്ഫിഖര്‍ റഹീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ബംഗ്ളാദേശ് ബാറ്റ്സ്മാൻ മെഹ്ദി ഹസന്റെ (15) വിക്കറ്റാണ് ഇന്ന് ആദ്യം നഷ്ടമായത്. ഇശാന്തിന്റെബോളിൽ കോലിയുടെ കയ്യില്‍ ഒതുങ്ങി. തെയ്ജുല്‍ ഇസ്ലാം (11), ഇബാദത്ത് ഹുസൈന്‍ (0), അല്‍ അമീന്‍ ഹുസൈന്‍ (21) എന്നിവരെ ഉമേഷ് യാദവും മടക്കിയച്ചതോടെ മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

ആദ്യ ഇന്നിംഗ്‌സിൽ 241 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സടിച്ച് ഒന്നാം ഇന്നിംഗ്ല് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോലി (136)യാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.