മയക്ക് മരുന്ന്‍ കച്ചവടം; യുഎഇയില്‍ രണ്ട് പ്രവാസികള്‍ക്ക് ജീവപര്യന്തം ശിക്ഷ

single-img
24 November 2019

യുഎഇയില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയ കുറ്റത്തിന് രണ്ട് പ്രവാസികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അഞ്ച് കിലോഗ്രാം വരുന്ന ഹെറോയിനും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രതികളെ ബാക്കിയുള്ള കാലം മുഴുവന്‍ ജയിലിലടയ്ക്കാന്‍ നേരത്തെ കീഴ്‍കോടതികള്‍ വിധിച്ചിരുന്നു.

ഇതിലെ അപ്പീലിൽ കഴിഞ്ഞദിവസം കേസ് പരിഗണിച്ച അബുദാബിയിലെ ഫെഡറല്‍ സുപ്രീം കോടതി കീഴ്കോടതികളുടെ ഈ വിധി ശരിവെയ്ക്കുകയായിരുന്നു. സ്ഥിരമായി ലഹരി വില്‍പന നടത്തിയിരുന്ന ഇരുവരും, വേഷം മാറിയെത്തിയ പൊലീസുകാര്‍ ഒരുക്കിയ കെണിയില്‍ കുടുങ്ങുകയായിരുന്നു.

അഞ്ച് കിലോ വരുന്ന ഹെറോയിന്‍ ഇരുവരും പൊലീസുകാര്‍ക്ക് രണ്ട് ലക്ഷം ദിര്‍ഹത്തിന് കച്ചവടം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. ഏഷ്യയിൽ നിന്നുള്ള ചില പ്രവാസികള്‍ മയക്കുമരുന്ന് കൈവശം വെയ്ക്കുന്നതായും വില്‍പ്പന നടത്തുന്നതായും ആന്റി നര്‍കോട്ടിക് ഡിപ്പാര്‍ട്ട്മെന്റിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മയക്കുമരുന്ന് വാങ്ങാനെന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു.