സമൂഹത്തിന്റെ അംഗീകാരമില്ലാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുത്; സിപിഎമ്മില്‍ അംഗങ്ങളായ അഭിഭാഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം

single-img
24 November 2019

പൊതുസമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് സിപിഎമ്മിൽ അംഗങ്ങളായ അഭിഭാഷകര്‍ക്ക് പാര്‍ട്ടിയുടെ നിര്‍ദേശം. ദളിത് പെൺകുട്ടികൾ കൊല്ലപ്പെട്ട വാളയാര്‍ കേസിന്‍റെ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലാ കമ്മിറ്റി അഭിഭാഷകർക്ക് ഈ നിര്‍ദേശം നല്‍കിയത്. വാളയാർ കേസിൽ സി ഡബ്ല്യുസി ചെയര്‍മാനും, പാര്‍ട്ടി മെമ്പറും, മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍ രാജേഷിന്‍റെ വാളയാര്‍ കേസിലെ ഇടപെടല്‍ പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.

സി ഡബ്ല്യു സിയുടെ ചെയര്‍മാനായിരിക്കെ കേസിലെ പ്രതികള്‍ക്കായി കോടതിയിൽ വാദിച്ചത് വാര്‍ത്തയായതോടെ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍. മാത്രമല്ല, പ്രതികള്‍ക്കൊപ്പം ഇരയെ അയക്കണമെന്ന് എന്‍ രാജേഷ് നിര്‍ബന്ധിച്ചതായി നിര്‍ഭയ കേന്ദ്രത്തിലെ അധികൃതരുടെ വെളിപെടുത്തലും വന്നിരുന്നു.

ഈ സാഹചര്യത്തിൽ എന്‍ രാജേഷിനെതിരെ സിപിഎമ്മിനുള്ളിൽ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. അതോടുകൂടിയാണ് പാര്‍ട്ടി മെമ്പര്‍മാരായ അഭിഭാഷകർ സമൂഹം അംഗീകരികാത്ത കേസുകളുടെ വക്കാലത്ത് ഏറ്റെടുക്കരുതെന്ന് ജില്ലാകമ്മറ്റി തീരുമാനിച്ചത്.

പാര്‍ട്ടിയുമായി ബന്ധമില്ലാഞ്ഞിട്ടും ലത ജയരാജിനെ സര്‍ക്കാര്‍ വീണ്ടും പബ്ലിക് പ്രോസിക്യൂട്ടറാക്കിയതിലും വലിയ വിമര്‍ശനം ഉയര്‍ന്നു. ജില്ലയുടെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വിനോദ് കൈനാട്ട്, അരവിന്ദാക്ഷന്‍ എന്നിവരുടെ കാലാവധി പുതുക്കിനല്‍കാതിരുന്നത് ജില്ലാകമ്മറ്റിയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.