അയോധ്യ വിധി: ജനങ്ങള്‍ പ്രകടിപ്പിച്ച സംയമനത്തിനും ക്ഷമയ്ക്കും പക്വതയ്ക്കും ‘മന്‍ കി ബാത്തി’ല്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി

single-img
24 November 2019

അയോധ്യ തർക്ക ഭൂമി വഹിഷയത്തിൽ സുപ്രീം കോടതിയുടെ വിധിയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച സംയമനത്തിനും ക്ഷമയ്ക്കും പക്വതയ്ക്കും മന്‍ കി ബാത്തില്‍ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ദേശീയ വികാരത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല എന്നാണ് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോടതി പുറപ്പെടുവിച്ച ഈ ചരിത്ര വിധിയോട് കൂടി രാജ്യം പുതിയൊരു പാതയിലൂടെ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകാന്‍ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 9 നാണ് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും പള്ളി നിര്‍മ്മാണത്തിനായി അഞ്ചേക്കര്‍ സ്ഥലം നല്‍കാനുള്ള ഉത്തരവായ ചരിത്രവിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. പ്രധാനമന്ത്രി ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ മന്‍ കി ബാത്തില്‍ അയോധ്യവിഷയത്തില്‍ 2010 ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് മോദി പരാമര്‍ശിച്ചിരുന്നു. അന്നും സര്‍ക്കാരും ജനങ്ങളും സമാധാനാന്തരീക്ഷം കാത്തൂസൂക്ഷിച്ചതിനെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് സുപ്രീം കോടതി ഈ വിഷയത്തില്‍ അന്തിമ വിധി പ്രഖ്യാപിച്ചപ്പോള്‍ ദേശീയ താത്പര്യമാണ് പരമപ്രധാനമെന്ന് ഒരിക്കല്‍ കൂടി ജനങ്ങള്‍ തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിയമപോരാട്ടം അവസാനിക്കുകയും ജനങ്ങള്‍ക്ക് രാജ്യത്തെ ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു. അയോധ്യ കേസിലെ വിധി രാജ്യചരിത്രത്തിലെ നാഴികക്കല്ലാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.