പ്രധാനമന്ത്രിക്ക് നന്ദി, ജനക്ഷേമം ഉറപ്പ് വരുത്തുന്നതിനായി സുസ്ഥിരമായൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കും: അജിത്‌ പവാര്‍

single-img
24 November 2019

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാര്‍. ബിജെപി നയിക്കുന്ന മന്ത്രിസഭയിൽ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ഇതിനോടുള്ള മറുപടിയാണ് അജിത് പവാര്‍ നടത്തിയത്.

“പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എന്റെ നന്ദി. മഹാരാഷ്ട്രയിലെ ജനക്ഷേമം ഉറപ്പാക്കുന്നതിനായി സുസ്ഥിരമായൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കും”- അജിത് പവാർ ട്വീറ്റിൽ പറയുന്നു. തനിക്കൊപ്പം ഉണ്ടായിരുന്ന എംഎല്‍എമാര്‍ ശരദ് പവാറിനോടൊപ്പം നിലയുറപ്പിച്ചെങ്കിലും താന്‍ ഇപ്പോഴും ബിജെപിയോടൊപ്പം തന്നെയാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ വാചകം.

അതേസമയം സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച് എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന പാര്‍ട്ടികളുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ ഇന്ന് വാദം പൂര്‍ത്തിയായ ശേഷമാണ് നാളത്തേക്ക് മാറ്റിയത്.