‘സ്നോളിഗോസ്റ്റര്‍’; മഹാരാഷ്ട്രയില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ ഒറ്റ വാക്കില്‍ വിശേഷിപ്പിച്ച് ശശി തരൂര്‍

single-img
23 November 2019

തന്റെ സ്വത സിദ്ധമായ പതിവ് തെറ്റിക്കാതെ ഇക്കുറിയും രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളെ ഒറ്റ വാക്കിൽ വിശേഷിപ്പിച്ചുകൊണ്ട് ശശി തരൂർ എംപി രംഗത്തെത്തി. രണ്ട് വർഷം മുൻപുള്ള തന്‍റെ ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് തരൂര്‍ നിലവിലെ മഹാരാഷ്ട്രാ രാഷ്ട്രീയാവസ്ഥയെ വിമര്‍ശിച്ചിരിക്കുന്നത്.

‘സ്നോളിഗോസ്റ്റര്‍’ (Snollygoster) എന്ന ഇംഗ്ലീഷ് വാക്കാണ് തരൂര്‍ സംസ്ഥാനത്തെ രാഷ്ട്രീയപ്രവര്‍ത്തകരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ”ധാർമികതയേക്കാൾ ഉപരിയായി വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ” എന്നാണ് ഈ വാക്കിന്‍റെ ശരിയായ അര്‍ത്ഥം.

ശിവസേനയുടെ സഖ്യം ഉള്ളപ്പോൾ തന്നെ എന്‍സിപിയില്‍ നിന്നുകൊണ്ട് ബിജെപിയുമായി സഖ്യം ചേര്‍ന്ന് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്നതാണ് തരൂരിന്‍റെ ട്വീറ്റ്.

രണ്ടു വർഷം മുൻപ് ആര്‍ജെഡിയുമായും കോണ്‍ഗ്രസുമായുമുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍ ബിജെപിയോട് ചേര്‍ന്നതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു തരൂര്‍ ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത്.