അജിത്‌ പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം; തിരികെ എത്തിക്കാനുള്ള ശ്രമവുമായി ശരദ് പവാറും എന്‍സിപിയും

single-img
23 November 2019

ബിജെപി നേതൃത്വത്തിൽ രൂപീകരിച്ച സർക്കാരിൽ മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം മുതിര്‍ന്ന പാർട്ടി നേതാക്കള്‍ അജിത്ത് പവാറിനോട് ചര്‍ച്ചകള്‍ ആരംഭിച്ചു.

നിലവിലെ ബിജെപി മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായ അജിത്ത് പവാറിന് അതേ സ്ഥാനം തന്നെ ശിവസേന മന്ത്രിസഭയിലും വാഗ്ദാനം ചെയ്ത് തിരികെ കൊണ്ടുവരാനാണ് ശ്രമങ്ങൾ നടക്കുന്നത്.

എൻസിപിയും ശിവസേനയുമായി ഉണ്ടാക്കിയ ധാരണ പ്രകാരവും ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് ആയിരുന്നു. എന്നാൽ സ്ഥാനത്തേക്ക് അജിത് പവാറിന് പകരം ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലേയുടെ പേര് ആയിരുന്നു പരിഗണിക്കപ്പെട്ടത്.

ഇപ്പോഴുള്ള സാഹചര്യത്തില്‍ ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുകയാണെങ്കില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അജിത്ത് പവാറിന് തന്നെ നല്‍കാമെന്ന ഉറപ്പായിരിക്കും ശിവസേന നേതാക്കള്‍ നല്‍കുക. ഇക്കാര്യത്തിൽ പക്ഷെ അജിത്ത് പവാര്‍ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് നിർണ്ണായകം.