അജിത് പവാറിന്റെ നീക്കം വ്യക്തിപരം; പാർട്ടിയുടെ പിന്തുണയില്ലെന്ന് ശരദ് പവാർ

single-img
23 November 2019

ബിജെപിയ്ക്ക് പിന്തുണ നൽകാനുള്ള അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമെന്നും പാർട്ടിയുടെ ഔദ്യോഗിക തീരുമാനമല്ലെന്നും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ഈ തീരുമാനത്തെ പാർട്ടി പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ശരദ് പവാറിന്റെ അറിവോടെയാണ് അജിത് പവാർ ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്നും ചർച്ചകളിൽ അദ്ദേഹവും ഭാഗഭാക്കായിരുന്നുവെന്നും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ശരദ് പവാർ വിശദീകരണവുമായെത്തിയത്.

അജിത് പവാറിന്റെ നീക്കം പാർട്ടിയുടെ ഔദ്യോഗിക നീക്കമല്ലെന്ന് മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ പാർട്ടിയുടെ മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്.

ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യ സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിൽ വരുന്നതിന്റെ എല്ലാ ചർച്ചകളും പൂർത്തിയായതിനു ശേഷം ഒറ്റരാത്രികൊണ്ടാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇന്നു രാവിലെയാണ് അജിത് പവാറിന്റെയും ഒരു വിഭാഗം എൻസിപി എംഎൽഎമാരുടെയും പിന്തുണയോടെ ദേവേന്ദ്ര ഫഡ്നവിസ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറിയത്. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.