ക്രിക്കറ്റ് ബാറ്റായി ഉപയോഗിച്ച തടികഷ്ണം അബദ്ധത്തിൽ തെറിച്ച് തലയില്‍ പതിച്ചു; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

single-img
22 November 2019

കുട്ടികൾ ക്രിക്കറ്റ് കളിക്കാനായി ബാറ്റിന് പകരം ഉപയോഗിച്ചിരുന്ന തടിയുടെ കഷ്ണം കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യിൽ നിന്ന് അബദ്ധത്തിൽ തെറിച്ച് തലയിൽ പതിച്ച മറ്റൊരു വിദ്യാർത്ഥി മരിച്ചു. ചാരുംമൂടിലെ ചുനക്കര ഗവ യുപിഎസിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത്(12) ആണ് മരിച്ചത്. ഉച്ച സമയത്ത് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പൈപ്പിനു സമീപം പോകുന്നതിനിടെ നവനീതിന്റെ തലയ്ക്കു പിന്നിൽ തെറിച്ചുവന്ന തടിക്കഷണം പതിക്കുകയായിരുന്നു.

ഈ സമയം സ്കൂൾ മൈതാനത്തില്‍ കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യിൽ നിന്ന് ബാറ്റായി ഉപയോഗിച്ച തടി കഷ്ണം അബദ്ധത്തിൽ തെറിച്ചുപോകുകയും ഇത് അതുവഴി വന്ന നവനീതിന്റെ കഴുത്തിന്‍റെ പിന്നിൽ കൊളളുകയുമായിരുന്നെന്നാണ് ലഭ്യമാകുന്ന വിവരം.

സംഭവം നടന്ന ഉടന്‍തന്നെ അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു എങ്കിലും നില ഗുരുതരമായിരുന്നതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണമുണ്ടായത്. അതേസമയം മരണപ്പെട്ട നവനീതിന് പുറമേ ക്ഷതമില്ലെന്ന്‍ മരണം സ്ഥിരീകരിച്ച കായംകുളം സർക്കാർ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു. നിലവില്‍ മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.