സഹോദരനോട് മെസഞ്ചര്‍ ആപ്പ് കോളിലൂടെ പാർവതിയെ അപമാനിച്ച് സംസാരിച്ചു; യുവാവിനെതിരെ കേസ്

single-img
22 November 2019

നടി പാർവതി തിരുവോത്തിനെ ഫേസ്‌ബുക്കിലൂടെ അപമാനിച്ച സംഭവത്തിൽ ഒരു യുവാവിനെതിരെ പോലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ കിഷോറിനെതിരെയാണ് പാര്‍വതിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 354 ഡി വകുപ്പ് പ്രകാരമാണ് കേസ്.

പാര്‍വതിയുടെ സഹോദരനോട് മെസഞ്ചര്‍ ആപ്പ് കോളിലൂടെ തന്നെക്കുറിച്ച്‌ മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നുമാണ് പാര്‍വതി നല്‍കിയ പരാതി. ഇയാള്‍ ചെയ്ത കോളിന്റെ സ്ക്രീന്‍ ഷോട്ട് സഹിതമാണ് പാര്‍വതി പോലീസില്‍ പരാതി നല്‍കിയത്.

താന്‍ ഒരു അഭിഭാഷകനാണെന്നും പേര് കിഷോര്‍ എന്നാണെന്നും സ്വയം പരിചയപ്പെടുത്തിയ ശേഷമാണ് ഇയാൾ കഴിഞ്ഞ ഒരു മാസത്തോളമായി പാർവതിയെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്. പാര്‍വതിയുടെ സഹോദരനെയാണ് ഇയാൾ ആദ്യം ബന്ധപ്പെട്ടത്. പാര്‍വതിയുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോണ്‍കോളുകള്‍.

സഹോദരനോട് പാര്‍വതി നിലവില്‍ എവിടെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അമേരിക്കയിലാണെന്ന് മറുപടി പറഞ്ഞു. പക്ഷെ പാര്‍വതി അമേരിക്കയിലല്ലെന്നും കൊച്ചിയിലാണെന്നും ഇവിടെ ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന്
സഹോദരന്‍ കോള്‍ കട്ട് ചെയ്തെങ്കിലും വാട്സാപ്പിലും മെസഞ്ചറിലും ഇയാള്‍ സന്ദേശമയച്ചു. എന്നാല്‍ സഹോദരന്‍ പ്രതികരിക്കാതിരുന്നതോടെ നടിയുടെ അച്ഛനെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു.