‘മാപ്പു ചോദിക്കാനുള്ള അര്‍ഹത പോലും അധ്യാപകരായ ഞങ്ങള്‍ക്കില്ല’; പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

single-img
22 November 2019

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ്‌റൂമില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെടി ജലീല്‍. വിദ്യാര്‍ഥിനിക്ക് ചികിത്സ വൈകിപ്പിച്ച അധ്യാപകരെ മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.സ്‌കൂളിനെ തന്റെ വീടായും വിദ്യാര്‍ഥികളെ മക്കളായും കാണാന്‍ കഴിയാത്തവര്‍ക്ക് ഗുരുനാഥന്‍ എന്നു വിളിക്കപ്പെടാന്‍ എന്തര്‍ഹതയാണുള്ളതെന്ന് മന്ത്രി ചോദിക്കുന്നു.

മരണപ്പെട്ട ഷെഹല ഷെറിന്‍ എന്ന വിദ്യാര്‍ഥിനിയോട് മാപ്പു ചോദിച്ചുകൊണ്ടാണ് മന്ത്രി കുറിപ്പവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

” ഒരായിരം മാപ്പ്
—————————————-
അദ്ധ്യാപകർ അറിവ് പകർന്ന് നൽകുന്ന കേവല യന്ത്രമനുഷ്യരല്ല. ഹൃദയം നിറയെ ദയയും കാരുണ്യവും കൊണ്ട് വേറിട്ട് നിൽക്കേണ്ടവർ കൂടിയാണ്. തന്റെ വീടായി സ്കൂളിനെയും കോളേജിനെയും കാണാത്തവർക്ക് അവിടെ പഠിക്കുന്ന കുട്ടികളെ തന്റെ മക്കളെപ്പോലെ കരുതാത്തവർക്ക് “ഗുരുനാഥൻ” എന്ന വാക്കിനാൽ വിളിക്കപ്പെടാൻ എന്തർഹതയാണുള്ളത്?
തന്റെ വിദ്യാലയത്തിലെ ഒരു കുട്ടിക്ക് ഒരപകടം പറ്റി എന്ന് കേട്ടാൽ എത്രയും വേഗം ആ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിൽസ ലഭ്യമാക്കാനല്ലേ ബന്ധപ്പെട്ടവർ ശ്രമിക്കേണ്ടത്? അതിനുപകരം സമയം വൈകിപ്പിച്ച് ഒരു കുരുന്നിന്റെ ജീവൻ പൊലിയുന്നതിന് കളമൊരുക്കിയവർ മാപ്പർഹിക്കാത്ത കൃത്യ വിലോപമാണ് കാണിച്ചിരിക്കുന്നത്. ഡോക്ടർമാർ മാലാഖമാരാണെന്നാണ് പറയാറ്. ചിലരെങ്കിലും ചിലപ്പോൾ പിശാചുക്കളാകാറുണ്ട്. അതും ആ പത്തു വയസ്സുകാരിയുടെ ജീവൻ അപഹരിക്കപ്പെടുന്നതിലേക്ക് നയിച്ചു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയാണ് സർക്കാർ എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയും പൊതു വിദ്യാഭ്യാസ മന്തിയും ആരോഗ്യമന്ത്രിയും സമയോചിതം പ്രശ്നത്തിൽ ഇടപെട്ടു. കുറ്റകരമായ അനാസ്ഥ കാണിച്ചവരെ കണ്ടെത്താൻ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. മോളേ, ഷഹല ഷെറിൻ, നിന്നോട് മാപ്പ് ചോദിക്കാനുള്ള അർഹത പോലും അദ്ധ്യാപകരായ ഞങ്ങൾക്കില്ല.
എങ്കിലും കുട്ടീ നിന്നോടിരക്കുന്നു ഒരായിരം മാപ്പ്. ”

ഒരായിരം മാപ്പ് —————————————-അദ്ധ്യാപകർ അറിവ് പകർന്ന് നൽകുന്ന കേവല യന്ത്രമനുഷ്യരല്ല. ഹൃദയം…

Posted by Dr KT Jaleel on Thursday, November 21, 2019