മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍ താത്കാലികമായി നിര്‍ത്തിവെച്ചു;റിവ്യു ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രിംകോടതി

single-img
22 November 2019

കൊച്ചി: മരടിലെ ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. ഫ്‌ളാറ്റിലെ അനുബന്ധകെട്ടിടങ്ങള്‍ പൊളിച്ച ശേഷം സമീപവാസികളുടെ വീടുകളില്‍ കേടുപാടുകള്‍ സംഭവിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ സബ്കളക്ടര്‍ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്നാണ് പൊളിക്കല്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ വിജയ് സ്റ്റീല്‍ കമ്പനിയാണ് കരാറെടുത്തത്. ഇന്ന് വൈകീട്ട് ആറുമണിക്കാണ് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഫ്‌ളാറ്റ് പൊളിക്കല്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.

ഫ്‌ളാറ്റ് സമുച്ചയത്തിലെ നീന്തല്‍കുളത്തിനോട് ചേര്‍ന്ന ഭാഗം പൊളിച്ചത് അശാസ്ത്രീയമാണെന്ന് കണ്ടെത്തി. ഇതാണ് സമീപവാസികളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കിയതെന്നും കരുതുന്നു. എന്നാല്‍ വരുംദിവസങ്ങളില്‍ സുരക്ഷിതമായ രീതിയില്‍ ഫ്‌ളാറ്റ് പൊളിക്കാനുള്ള ബദല്‍ മാര്‍ഗങ്ങളും തേടും.

അതേസമയം മരട് ഫ്‌ളാറ്റ് ഉടമകള്‍ ബില്‍ഡേഴ്‌സിന് എതിരെ നല്‍കിയ റിവ്യൂ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രിംകോടതി ഇന്ന് അറിയിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് റിവ്യു പെറ്റീഷന്‍ പരിഗണിക്കുക. നിര്‍മാതാക്കളില്‍ നിന്ന് അര്‍ഹമായ റിലീഫ് ലഭ്യമാക്കണമെന്നാണ് പരാതി.