കളിയാട്ടത്തിനിടെ തെയ്യക്കോലം ആളുകളെ ഓടിച്ചിട്ടടിച്ചു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

single-img
22 November 2019

ഈ മാസം 2 ന് രാത്രി കാസർകോട് ജില്ലയിലെ ആലാമിപ്പള്ളി തെരുവത്ത് ലക്ഷ്മി നഗർ അറയിൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന കളിയാട്ടത്തിനിടയിൽ തെയ്യക്കോലത്തിന്‍റെ അടിയേറ്റ് നിരവധി ആളുകൾക്ക് പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.

മൂവാളംകുഴിയിലെ ചാമുണ്ഡി തെയ്യകോലത്തിന്‍റെ തോറ്റമായിരുന്നു പോലീസ് ലാത്തിചാർജ് പോലെ ഭക്‌തരെ
എമ്പാടും ഓടിച്ചിട്ട് തല്ലിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം ചര്‍ച്ചയായത്. തെയ്യക്കോലം കൈയിലുള്ള വടിയും മരം കൊണ്ടുള്ള പരിചയും ഭക്തർക്ക് നേരേ സാധാരണ ഓങ്ങാറുണ്ട്.

എന്നാൽ തെരുവത്ത് ക്ഷേത്രത്തിൽ നടന്നത് കരുതികൂട്ടിയുള്ള മർദ്ദനമാണെന്നെന്ന വിലയിരുത്തലുകള്‍ വരെ ഉണ്ടായിരുന്നു. കമ്മീഷൻ വീണ്ടും അടുത്ത മാസം കാസർകോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.