ഗുവാഹത്തി ഐഐടിയില്‍ ജാപ്പനീസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

single-img
22 November 2019

ഗുവാഹത്തി:ഗുവാഹത്തി ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ജപ്പാനിലെ ജിഫു യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയായ ഇവര്‍മൂന്ന് മാസത്തെ എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഐഐടി ഗുവാഹത്തിയില്‍ എത്തിയത്. പ്രോഗാം പൂര്‍ത്തിയാക്കി നവംബര്‍ 30 ന് ജപ്പാനിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. ഇന്നലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിദ്യാര്‍ഥിയുടെ ഹോസ്റ്റലിലെ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുകള്‍ വാതിലില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. ഇതോടെ വിദ്യാര്‍ഥികള്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ സഹായത്തോ ടെ അധികൃതര്‍ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. തൂങ്ങി മരിച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥിയുടെ മൃതദേഹം.

കേന്ദ്ര ആഭ്യന്തര- വിദേശകാര്യ മന്ത്രാലയങ്ങളില്‍ ഐഐടി മേധാവികള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഐഐടിയില്‍ വീണ്ടും വിദ്യാര്‍ഥിനിയുടെ ആത്മഹത്യ നടക്കുന്നത്.