ആള്‍ക്കൂട്ട കൊലകളില്‍ രണ്ടാം മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് വിവരാവകാശ രേഖ

single-img
22 November 2019

ദില്ലി: രാജ്യത്തെ ആള്‍ക്കൂട്ട കൊലക്കേസുകളില്‍ രണ്ടാം മോദി സര്‍ക്കാര് നടപടികള്‍ സ്വീകരിക്കുന്നതില്‍ അലംഭാവം കാണിക്കുന്നതായി വിവരാവകാശ രേഖ. കേന്ദ്രആഭ്യന്തര മന്ത്രാലയം ഈ വര്‍ഷം ലോക്‌സഭയില്‍ നടത്തിയ ചോദ്യത്തിനുള്ള മറുപടിയാണ് ആര്‍ടിഐയിലും ആവര്‍ത്തിച്ചത്.

കഴിഞ്ഞ വര്‍ഷം സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം ആള്‍ക്കൂട്ട ആക്രമവും കൊലപാതകവും തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് സമിതി രൂപീകരിച്ചുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം നല്‍കിയ മറുപടി വ്യക്തമാക്കുന്നു.കൂടാതെ സര്‍ക്കാരിനെ ഇക്കാര്യത്തില്‍ സഹായിക്കുന്നതിനായി ഈ ഉത്തരവിന് അനുസൃതമായി തന്നെ ഉന്നതതല സമിതിയും രൂപീകരിച്ചിട്ടുണ്ട്. നാല് ആഴ്ചകള്‍ക്കകം ഈ ഉന്നതതല കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് നിബന്ധനയെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ എന്തെല്ലാം നടപടികള്‍ ഇതുവരെ സര്‍ക്കാര്‍ കൈക്കൊണ്ടതായോ എത്ര കേസുകള്‍ രജിസ്ട്രര്‍ ചെയ്ത് നടപടി സ്വീകരിച്ചതായോ വിവരാവകാശത്തിനുള്ള മറുപടിയില്‍ പറയുന്നില്ല. നേരത്തെ ശശിതരൂര്‍ എംപിയുടെ ചോദ്യത്തിന് പാര്‍ലമെന്റില്‍ നല്‍കിയ അതേ ഉത്തരം തന്നെയാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നല്‍കിയിരിക്കുന്നത്. പുതുച്ചേരിയിലെ വിവരാവകാശ പ്രവര്‍ത്തകന്‍ സൗരവ് ദാസിന്റെ അപേക്ഷയ്ക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.