യുഎഇയില്‍ കനത്ത മഴ; റിപ്പോര്‍ട്ട് ചെയ്തത് 80 വാഹനാപകടങ്ങള്‍; കെട്ടിടങ്ങളുടെ മേൽക്കൂരകള്‍ തകര്‍ന്നു

single-img
22 November 2019

ശക്തമായ മഴയിൽ യുഎഇയിലെ ചിലയിടങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷമാണ്. കുറച്ചു ദിവസങ്ങൾ കൂടി ഇതുപോലെ അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്.

രാജ്യത്തെ പർവതമേഖലകളിൽ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയാകുംമെന്നും ചിലയിടങ്ങളിൽ ശക്തമായ കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ബുധനാഴ്ച പെയ്ത ശക്തമായ മഴയിൽ വടക്കൻ എമിറേറ്റുകളിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇവിടെ ഇപ്പോഴും ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. നഗരത്തിൽ പ്രധാന പാതകളിലടക്കം ഇന്നലെയും ഗതാഗതക്കുരുക്കുണ്ടായി. ഷാർജയിൽ മാത്രം 80 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം ഈ അപകടങ്ങളിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. അതേപോലെ മൈസലൂൺ, മുസല്ല മേഖലകളിലെ പഴയ കെട്ടിടങ്ങളുടെ മേൽക്കൂര തകർന്നുവീണു. വാഹനങ്ങളുടെ പാർക്കിങ് മേഖലകളിൽ വെള്ളം കയറിയതും താഴ്ന്ന മേഖലകളിലെ ചെളിക്കെട്ടും വാഹനങ്ങൾ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായി.
മഴയിൽ ഉമ്മുൽഖുവൈനിൽ ചില റോഡുകൾ അടച്ചിട്ടു. അജ്മാനിലെ ചില കെട്ടിടങ്ങളുടെ മേൽക്കൂര തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു.

റാസൽഖൈമയിൽ സ്ഥിതിചെയ്യുന്ന പർവതമേഖലകളിൽ മണ്ണിടിച്ചിലുണ്ടായി. ഈ മരങ്ങൾ ഇന്നലെ തന്നെ വെട്ടിനീക്കി. റോഡുകളിലെ കേടായ ട്രാഫിക് സിഗ്നലുകളുടെ അറ്റകുറ്റപ്പണിയും പുരോഗമിക്കുകയാണ്. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ എല്ലായിടങ്ങളിലും ദ്രുതകർമ വിഭാഗത്തെ വിന്യസിച്ചിട്ടുണ്ട്.