ബസിൽ യാത്രക്കാരിയുടെ മാല നഷ്ടപ്പെട്ടു; ആരോപണ വിധേയയായ യുവതി രണ്ട് മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു

single-img
22 November 2019

ബസിൽ യാത്ര ചെയ്തുകൊണ്ടിരിക്കവേ സ്ത്രീയുടെ സ്വർണമാല കാണാതായസംഭവത്തിൽ ഇതേ ബസിൽ യാത്ര ചെയ്തിരുന്ന ആരോപണ വിധേയയായ യുവതി 2 മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാല നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ ബുധനാഴ്ച വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥരാണ് വീടിനുള്ളിൽ കൈ ഞരമ്പ് മുറിച്ച നിലയിൽകണ്ട മൂവരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

ആരോപണ വിധേയയായ 31 വയസ്സുള്ള യുവതി ഈ മാസം 13ന് അടിമാലിയിൽ നിന്ന് മാങ്കുളത്തിനുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്തിരുന്നു. ആ സമയം ഇതേ ബസിൽ യാത്ര ചെയ്ത ആനക്കുളം സ്വദേശിനിയായ സരോജിനിയുടെ സ്വർണമാലയാണ് മോഷണം പോയത്.

തുടർന്ന് സരോജിനി മാല അന്വേഷിച്ചപ്പോൾ ഇവ‍രുടെ പിൻസീറ്റിൽ ഇരുന്ന യുവതിക്ക് മാല ലഭിച്ചതായി മറ്റൊരു യാത്രക്കാരി പറയുകയായിരുന്നു. ഇതിനെ തുടർന്ന് നഷ്ടപ്പെട്ട മാല അന്വേഷിച്ച് സരോജിനി യുവതിയുടെ വീട്ടിൽ എത്തുകയും മാങ്കുളം പോലീസിൽ പരാതി നൽകുകയും ചെയ്തു.

പരാതിയിന്മേൽ സിവിൽ പോലീസ് ഓഫിസർമാരായ സി ബി സിബിൻ, നിഷാദ് എന്നിവർ ഇവരുടെ വീട്ടിൽ എത്തിയപ്പോഴാണ് യുവതിയെയും മക്കളെയും കൈ ഞരമ്പ് മുറിച്ച നിലയിൽ കാണുന്നത്. തുടർന്ന് പോലീസുകാർ യുവതിയുടെ ഭർത്താവിനെ വിളിച്ചുവരുത്തി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ മൂവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.