തെരഞ്ഞെടുപ്പ് ബോണ്ട് അഴിമതി; പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതിന്റെ രേഖകൾ പുറത്ത്

single-img
22 November 2019

തെരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നടത്തിയ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു. ആര്‍ബിഐയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉയര്‍ത്തിയ എതിര്‍പ്പുകളെ മറികടന്നായിരുന്നു കോര്‍പ്പറേറ്റുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിവാക്കാതെ തന്നെ വന്‍ തുകകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ സഹായിക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്കുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്.

തെരഞ്ഞെടുപ്പ് ബോണ്ട്‌ അഴിമതിയെ സംബന്ധിച്ച അന്വേഷണം ഹഫ്പോസ്റ്റ് ഇന്ത്യയായിരുന്നു നടത്തിയത്. ഈ അഴിമതിയില്‍ രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി കാലാവധി കഴിഞ്ഞ തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങാന്‍ ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നുള്ള റിപ്പോര്‍ട്ടാണ് അവസാനമായി ‘ഹഫ് പോസ്റ്റ്’ പ്രസിദ്ധീകരിച്ചത്.

കര്‍ണാടകയില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി ചട്ടങ്ങള്‍ മറികടന്ന് തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വില്‍ക്കാനുള്ള സ്‌പെഷ്യല്‍ വിന്‍ഡോ തുറക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതിന്‍റെ പിന്നാലെയാണ് കാലാവധി കഴിഞ്ഞ ബോണ്ടുകള്‍ ഒരു പ്രത്യേക രാഷ്ട്രീയപാര്‍ട്ടിക്ക് വേണ്ടി പാസ്സാക്കിയെടുക്കാന്‍ ധനമന്ത്രാലയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.

2018ലെ മെയ് 24 നാണ് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധി മെയ് മൂന്നാം തിയ്യതി പുറത്തിറക്കിയ 20 കോടിയുടെ തെരഞ്ഞെടുപ്പ് ബോണ്ടുമായി ബാങ്കിനെ സമീപിച്ചത്. ഈ തുകയില്‍ 10 കോടി മെയ് 3 നും പത്ത് കോടി മെയ് അഞ്ചിനുമായിരുന്നു വാങ്ങിയത്. പക്ഷെ ബോണ്ടുകള്‍ നിക്ഷേപിക്കേണ്ട സമയപരിധി കഴിഞ്ഞതിനാല്‍ അവ അസാധുവായെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

പക്ഷെ ബോണ്ട് നിക്ഷേപിക്കണമെന്ന് രാഷ്ട്രീയ പ്രതിനിധി അംഗം നിര്‍ബന്ധം പിടിച്ചതിനാല്‍ എസ്ബിഐ ധനമന്ത്രാലയത്തോട് നിര്‍ദേശം ചോദിച്ചിരുന്നു. ധനമന്ത്രാലയം 15 ദിവസത്തെ കാലാവധി എന്നാല്‍ 15 കലണ്ടര്‍ ദിനമല്ലെന്നും 15 പ്രവൃത്തി ദിനങ്ങളാണെന്നും പറയുകയും ബോണ്ടുകള്‍ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ഇത്തരത്തില്‍ ആ ദിവസം തന്നെ ആ രാഷ്ട്രീയ പാര്‍ട്ടിക്ക് പത്ത് കോടി രൂപ വരുന്ന ബോണ്ട് നിയമവിരുദ്ധമായി പണമാക്കി മാറ്റാന്‍ സാധിച്ചു. പക്ഷെ മേയ് മാസം 3 ന് വാങ്ങിയ 10 കോടിക്ക് ഇളവുകള്‍ നല്‍കാന്‍ കഴിയാത്തതിനാല്‍ തന്നെ അത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പോയെന്നും രേഖകള്‍ പറയുന്നു.

2018 ല്‍ കേന്ദ്രസാമ്പത്തികകാര്യ മന്ത്രാലയം പ്രസിദ്ധീകരിച്ച തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ കൈമാറ്റത്തെ സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം എസ്ബിഐ ശാഖകളിലൂടെ വര്‍ഷത്തില്‍ നാല് പ്രാവശ്യം പുറത്തിറക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ അത് ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതും ഇത്തരത്തില്‍ ലഭിക്കുന്ന പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി വിനിയോഗിക്കാവുന്നതുമാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്.

അറിയപ്പെടുന്ന അഴിമതി വിരുദ്ധ പ്രവര്‍ത്തകനായ ലോകേഷ് ബത്ര നേടിയ രേഖകള്‍ പ്രകാരം മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വില്പനയില്‍ വലിയ കൃത്രിമം നടത്തിയിരിക്കുന്നതായി വ്യക്തമായി. കഴിഞ്ഞ വര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരം മെയ് 1 മുതല്‍ 10 വരെ ബോണ്ടുകള്‍ വില്‍ക്കാന്‍ പ്രത്യേക സമയം അനുവദിക്കപ്പെട്ടു.

അതേസമയംകാലഹരണപ്പെട്ട ഈ ബോണ്ടുകള്‍ സ്വീകരിക്കാന്‍ അനുവദിച്ച ദാതാക്കളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പേര് നല്‍കിയിരുന്നില്ല.

കാലാവധി അവസാനിച്ച ബോണ്ടുകള്‍ സ്വീകരിക്കുക, ബോണ്ടുകളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ ലംഘിക്കുക, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരം നിയമവിരുദ്ധമായ ജാലകത്തിലൂടെ ബോണ്ടുകള്‍ വില്‍ക്കുക തുടങ്ങിയ ഒന്നിലധികം നിയമലംഘനങ്ങളാണ് ഇതിന്റെ പിന്നില്‍ നടന്നത് എന്ന് പുറത്തുവന്ന രേഖകള്‍ വ്യക്തമാക്കുന്നു.