‘സ്കൂട്ടർ എടുത്തത് വൈക്കത്തഷ്ടമി കൂടാൻ പോകാനാ സാറേ’: 2 സ്കൂട്ടറുകളുമായി ‘സ്കൂട്ടായ’ കുട്ടികളുടെ മറുപടി

single-img
21 November 2019

കോട്ടയം: സ്കൂട്ടർ മോഷ്ടിച്ചതെന്തിനാണെന്ന ചോദ്യത്തിന് വിദ്യാർഥികൾ നൽകിയ മറുപടി പൊലീസുകാർക്ക് ചിരിക്കുള്ള വകയായി. വൈക്കത്തഷ്ടമിക്കു പോകുന്ന വഴിയിൽ റോഡരുകിൽ കണ്ട 2 സ്കൂട്ടറുകൾ എടുത്ത് ഓടിച്ചു പോയ 3 വിദ്യാർഥികളാണ് പൊലീസ് പിടിയിലായത്.

‘വൈക്കത്തഷ്ടമി കൂടാൻ ഞങ്ങളാ സ്കൂട്ടറിങ്ങെടുത്തു; അത്രയല്ലേ ഉള്ളു സാറേ? പ്രശ്നമാണെങ്കിൽ സ്കൂട്ടർ തിരികെ കൊടുത്തേക്കാം സാറേ.’ എന്നായിരുന്നു ചോദ്യം ചെയ്യലിൽ വിദ്യാർഥികളുടെ മറുപടി. തുടർന്ന് സ്കൂട്ടറുകൾ തിരിച്ചു നൽകി.

നമ്പ്യാകുളം, മുട്ടുചിറ എന്നിവിടങ്ങളിൽ നിന്നാണ് സ്കൂട്ടറുകൾ മോഷണം പോയത്. സ്കൂട്ടർ കാണാതായതോടെ സ്കൂട്ടർ നഷ്ടമായവരും നാട്ടുകാരും പൊലീസിൽ പരാതി നൽകി . സിസിടിവി ദൃശ്യം പരിശോധിച്ച് റോഡുകളിൽ തിരച്ചിൽ നടത്തി. ഇതിനിടയിലാണ് മോഷ്ടിച്ച സ്കൂട്ടറിൽ വന്ന സംഘം 6 കിലോമീറ്റർ അകലെ വാലാച്ചിറയിൽ നാട്ടുകാരുടെ മുൻപിൽ പെട്ടത്. 

തുടർന്ന് ഇവരെ തടഞ്ഞു വച്ച് കടുത്തുരുത്തി പൊലീസിന് കൈമാറുകയായിരുന്നു. പട്ടിത്താനം സ്വദേശികളായ വിദ്യാർഥികളാണ് പൊലീസിന്റെ പിടിയിലായത്. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് വഴിയിൽ കണ്ട സ്കൂട്ടർ വൈക്കത്തഷ്ടമി കൂടാൻ പോകാനാണ് എടുത്തതെന്ന് കുട്ടികൾ പൊലീസിനോട് സമ്മതിച്ചത്.

സംഭവത്തിൽ കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. റോഡരുകിൽ താക്കോൽ സഹിതം ഉള്ള സ്കൂട്ടറുകളാണ് സംഘം എടുത്തത്.