അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

single-img
21 November 2019

യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇരുവര്‍ക്കുമെതിരായ അന്വേഷണ വിശദാംശങ്ങള്‍ അടങ്ങിയ കേസ് ഡയറി അന്വേഷണസംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. അതേസമയം യുഎപിഎ ചുമത്താവുന്ന യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടിതയില്‍ വാദം ഉയര്‍ത്തും. അതേസമയം അലനും ഷുഹൈബിനും എതിരെ യുഎപിഎ ചുമത്തേണ്ടതില്ലെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇന്നലെ ചേര്‍ന്ന പോളിറ്റ് ബ്യൂറോയിലാണ് തീരുമാനമെടുത്തിരിക്കുന്നത്.

സിപിഐഎം ഭരിക്കുമ്പോള്‍ പാര്‍ട്ടി അംഗങ്ങളായിരുന്ന യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ പോളിറ്റ് ബ്യൂറോ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന് യുഎപിഎയ്ക്ക് അനുമതി നല്‍കരുതെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഏത് സാഹചര്യത്തിലായാലും ചുമത്തുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദേശമുയര്‍ന്നു.