കയ്യില്‍ മൈക്ക് പിടിച്ച് പാട്ടുംപാടി ഡ്രൈവിംഗ്;വീഡിയോ വൈറലായി, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നടപടി

single-img
21 November 2019

കോളേജ് ടൂറിനിടെ കയ്യില്‍ മൈക്ക് പിടിച്ച് പാട്ടുംപാടി വണ്ടിയോടിച്ച ബസ്‌ഡ്രൈവര്‍ക്കെതിരെ നടപടി.കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരുമായി കാഞ്ഞങ്ങാട്ടേക്കുപോയ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ് കുടുങ്ങിയത്. ഡ്രൈവര്‍ പാട്ടുപാടി വണ്ടിയോടിക്കുന്ന വീഡിയോ വൈറലായിരുന്നു.

കഴിഞ്ഞ 27ന് രാത്രി വളപട്ടണത്ത് വച്ചായിരുന്നു സംഭവം. ഒരു കയ്യില്‍ മൈക്കും മറുകയ്യില്‍ സ്റ്റിയറിംഗും പിടിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.വീഡിയോ കണ്ട പൊലീസ് നടപടിയെടുത്തു.

എക്‌സ്‌പ്ലോഡര്‍ ബസിന്റെ ഡ്രൈവര്‍ കോട്ടയം നെച്ചിപ്പാഴൂര്‍ സ്വദേശി ബി നിഖില്‍ മോനെതിരെയാണ് നടപടി.ഇയാളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുമെന്ന് പെരുമ്പാവൂര്‍ ജോയിന്റ് ആര്‍ടിഒ ബി ഷെഫീഖ് അറിയിച്ചു. ജീവഹാനിയുണ്ടാക്കും വിധം അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് നടപടി.