ക്ലാസ് മുറിയിലെ മാളത്തില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു; ചികിത്സ വൈകിച്ചെന്ന് സഹപാഠികള്‍,പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു

single-img
21 November 2019

ബത്തേരി: ബത്തേരിയില്‍ സ്‌കൂളിലെ ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. ക്ലാസ് മുറിയിലെ മാളത്തിനിടയില്‍ കാല്‍ പെട്ടപ്പോഴാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ന ഷെറിനാണ് മരിച്ചത്. പുത്തന്‍കുന്ന് ചിറ്റൂര്‍ നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും ഷജ്‌നയുടേയും മകളാണ് ഷെഹ്ന.

ഇന്നലെ വൈകീട്ടാണ് ക്ലാസ് മുറിയിലുണ്ടായിരുന്ന മാളത്തില്‍ കുട്ടിയുടെ കാല്‍ പെട്ടത്.കാല്‍ പുറത്തെടുത്തപ്പോള്‍ ചേര കണ്ടു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിക്കുകയായിരുന്നു. പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളാണെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

അതേസമയം കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ അധ്യാപകര്‍ വൈകിച്ചെന്ന് മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു.കുട്ടിയുടെ കാലിന് നീലനിറം ഉണ്ടായിരുന്നു , ശരീരം വിറയ്ക്കുകയും ചെയ്തിരുന്നു. എന്നിട്ടും ആണികൊണ്ടതാണെന്ന് പറഞ്ഞ് അധ്യാപകര്‍ സമയം വൈകിച്ചെന്ന്ാണ് കുട്ടികളുടെ ആരോപണം.
മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു. സംഭവത്തില്‍ ആരോപണവിധേയനായ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു.

സ്‌കൂളില്‍ ഷജ്‌നയുടെ ക്ലാസ് മുറിയില്‍ ഇഴജന്തുക്കള്‍ കയറി ഇരിക്കാന്‍ സാധ്യതയുള്ള നിരവധി മാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അപകടകരമായ സാഹചര്യത്തിലാണ് കുട്ടികള്‍ ഇരുന്നു പഠിക്കുന്നത്.