വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്‌കൂള്‍ അധികൃതരുടേത് കുറ്റകരമായ അനാസ്ഥ: മന്ത്രി സി രവീന്ദ്രനാഥ്

single-img
21 November 2019

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്.

വിദ്യാര്‍ത്ഥിനിക്ക് വൈദ്യസഹായം നല്‍കുന്നതില്‍ അവര്‍ വീഴ്ച വരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ മനസിലായിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ക്ലാസ്മുറിയ്ക്ക് അകത്ത് ചെരുപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കിയിട്ടില്ല. എന്തുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അനുഭവമുണ്ടായതെന്നും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൂടാതെ സ്‌കൂളിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരുകോടി രൂപ അനുവദിച്ചിരുന്നു. നിലവിലെ ക്ലാസ് മുറികളിലെ കുഴികള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.