വീട്ടില്‍ കാറും എസിയും ഉള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കും • ഇ വാർത്ത | evartha People with a car and AC at home will be exempted from social security pensions
Kerala, Latest News

വീട്ടില്‍ കാറും എസിയും ഉള്ളവരെ സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കും

തിരുവനന്തപുരം: വീട്ടില്‍ 1000സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറും, എസിയും ഉള്ളവര്‍ക്ക് ഇനി മുതല്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിക്കുകയില്ല.മികച്ച ഭൗതിക സാഹചര്യമുള്ളവരെ പെന്‍ഷന്‍ അര്‍ഹതാ പട്ടികയില്‍ നിന്ന് നീക്കാനുള്ള തീരുമാന ത്തിന്റെ ഭാഗമായാണ് നടപടി.

ഇന്നലെ ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച്‌ 2000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും ആധുനിക രീതിയില്‍ ഫ്ലോറിങ് നടത്തിയിട്ടുള്ളതും കോണ്‍ക്രീറ്റ് ചെയ്തതുമായ കെട്ടിടങ്ങള്‍ ഉള്ളവര്‍ ക്ഷേമ പെന്‍ഷന് അര്‍ഹരല്ല. കുടുംബ വാര്‍ഷിക വരുമാനം കണക്കാക്കുമ്പോള്‍ വിവാഹിതരായ മക്കളുടെ വരുമാനം കണക്കിലെടുക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

മരിച്ചവരെയും ഒരേ സമയം രണ്ടു പെന്‍ഷന്‍ വാങ്ങുന്നവരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കും.അനര്‍ഹരായവരെ ഒഴിവാക്കി യാകും ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ നല്‍കുക.സംസ്ഥാനത്ത് 46.9 ലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്.