ഒമാനിൽ ശക്തമായ കാറ്റും മഴയും: വ്യാപക നാശനഷ്ടം; താഴ്വരകളിൽ വെള്ളപ്പൊക്കം

single-img
21 November 2019

മസ്‌കത്ത് : ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു. വ്യാഴാഴ്ച രാവിലെ മുതല്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ ലഭിച്ചു. കാറ്റും ശക്തമായിരുന്നു. ചില താഴ്വരകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ഡാമുകളിൽ ജലനിരപ്പ് ഉയരുകയും ചെയ്തു.

മസ്‌കത്തില്‍ രാവിലെ മഴ മാറി നിന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായിരുന്നു. വൈകിട്ടോടെ മഴ പെയ്തു തുടങ്ങി. മുസന്ദം, ബുറൈമി, ബാത്തിന, ശര്‍ഖിയ്യ ഗവര്‍ണറേറ്റുകളിലാണ് ശക്തമായ മഴ പെയ്തത്. രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാനില്‍ ഉത്ഭവിച്ച ന്യൂനമര്‍ദം രാജ്യത്തെത്തിയതിനെ തുടര്‍ന്നാണ് കാലാവസ്ഥാ മാറ്റം. ശക്തമായ ഇടിയും മിന്നലോടെയുമാണ് മഴ പെയ്തത്. ചിലയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തു.  വെള്ളിയാഴ്ച വരെ രാജ്യത്ത് ന്യൂനമര്‍ദത്തിന്റെ ആഘാതമുണ്ടാകും. വെള്ളിയാഴ്ചയും അല്‍ ഹജര്‍ പര്‍വതത്തിനും ഒമാന്‍ കടലിനും ചുറ്റുമുള്ള സ്ഥലങ്ങളില്‍ ശക്തമായ മഴയും ഇടിയുമുണ്ടാകും.