ബിപിസിഎല്‍,കൊച്ചിന്‍ റിഫൈനറി അടക്കം പൊതുമേഖലാ കമ്പനികള്‍ വില്‍പ്പനയ്ക്ക്; അന്തിമ തീരുമാനം പ്രഖ്യാപിച്ച് നിര്‍മലാ സീതാരാമന്‍

single-img
21 November 2019

ദില്ലി: രാജ്യത്തെ മഹാരത്‌ന കമ്പനികളില്‍ ഒന്നായ ഭാരത് പെട്രോളിയം ലിമിറ്റഡ് അടക്കം നിരവധി പൊതുമേഖലാ കമ്പനികളുടെ ഓഹരികളുടെ വില്‍പ്പന പ്രഖ്യാപിച്ച് കേന്ദ്രധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ബിപിസിഎല്‍,കണ്ടയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ,നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യാ ലിമിറ്റഡ്,കൊച്ചിന്‍ റിഫൈനറി എന്നിവയുടെ വില്‍പ്പനയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വില്‍പ്പന സംബന്ധിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങളാണ് മന്ത്രി പങ്കുവെച്ചത്.

രാജ്യത്തെ ഏറ്റവും വരുമാനം ലഭിക്കുന്ന മഹാരത്‌ന പദവിയുള്ള പൊതുമേഖലാ സ്്ഥാപനമാണ് ബിപിസിഎല്‍. കമ്പനിയുടെ 53.29% ഓഹരികള്‍ വിറ്റഴിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ കമ്പനിയുടെ നടത്തിപ്പും കൈമാറാന്‍ തന്നെയാണ ്തീരുമാനം. അസമിലെ നുമാലിഗര്‍ റിഫൈനറി ലിമിറ്റഡ് സര്‍ക്കാരിന്റെ കീഴില്‍ തന്നെ തുടരും. കൊച്ചിന്‍,മുംബൈ റിഫൈനറികള്‍ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുക. രാജ്യത്തെ ഏറ്റവും അത്യാധുനിക റിഫൈനറികളാണിത്.

സൗദി ആരാംകോ അടക്കമുള്ള വന്‍കിട എണ്ണകമ്പനി ഭീമന്മാര്‍ കണ്ണുവെച്ചിരിക്കുന്ന കൊച്ചിന്‍ റിഫൈനറി സ്വകാര്യമേഖലയ്ക്ക് പോകുന്നതോടെ വന്‍ നഷ്ടമാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക നേരിടുകയെന്ന് വിലയിരുത്തലുകളുണ്ട്. നിലവില്‍ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് താത്കാലിക ആശ്വാസം ലക്ഷ്യമിട്ടാണ് പൊതുമേഖലാ കമ്പനികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്.