ഇത്തവണ മലചവിട്ടാനില്ല, കുടുംബം ഒറ്റപ്പെടുത്തി: ബിബിസി അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞ് കനക ദുര്‍ഗ • ഇ വാർത്ത | evartha Have not thought about going to Sabarimala this time said by kanaka durga
Breaking News, Kerala, latest

ഇത്തവണ മലചവിട്ടാനില്ല, കുടുംബം ഒറ്റപ്പെടുത്തി: ബിബിസി അഭിമുഖത്തിൽ പൊട്ടിക്കരഞ്ഞ് കനക ദുര്‍ഗ

ചെന്നൈ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് വേണ്ടി പോരാട്ടം നടത്തിയ കനക ദുര്‍ഗ ഇത്തവണ മല ചവിട്ടാനില്ല.കഴിഞ്ഞ തവണ സ്ത്രീകളുടെ അവകാശത്തിനായി നിലകൊണ്ടിരുന്ന താന്‍ ഇത്തവണ അയ്യപ്പനെ കാണാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ബിബിസിയുടെ തമിഴ് ഓണ്‍ലൈനിന് വേണ്ടി നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിച്ച ശേഷം തനിക്ക് കുടുംബത്തില്‍ നിന്ന് നേരിട്ട ദുരനുഭവങ്ങള്‍ കാരണമാണ് ഈ പിന്മാറ്റം. സ്വന്തം കുടുംബം കൂടെയില്ല. കൂട്ടുകാര്‍ മാത്രമാണ് തനിക്കുള്ള ഏക ആശ്രയമെന്ന് ഇവര്‍ പറയുന്നു.

‘തനിക്ക് കുടുംബം അടക്കം എല്ലാം നഷ്ടപ്പെട്ടു. എല്ലാവരും തന്നെ വെറുക്കുകയാണ്. കുടുംബം ഇപ്പോള്‍ കൂടെയില്ല. ഭര്‍ത്താവിന്റെ മാതാവ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരുപാട് ദിവങ്ങള്‍ ചികിത്സയിലായി.കോടതി ഉത്തരവില്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭര്‍ത്താവും മക്കളും വാടക വീട്ടിലേക്ക് മാറി . ഇപ്പോള്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമാണ് സ്വന്തം മക്കളെ കാണാന്‍ അനുവാദമുണ്ടായിരുന്നു.പക്ഷെ ഭര്‍ത്താവ് ഉത്തരവിന് സ്‌റ്റേ നേടിയെന്നും കനകദുര്‍ഗ പറയുന്നു. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളില്‍ നിന്നുള്ള പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ മറികടന്ന് സ്ത്രീപ്രവേശനം സാധ്യമാക്കിയ രണ്ട് സ്ത്രീകളില്‍ പ്രമുഖയാണ് കനകദുര്‍ഗ. ഈ സംഭവത്തിന് ശേഷം സപ്ലൈകോ ജീവനക്കാരിയായ കനക ദുര്‍ഗയെ കുടുംബം ബഹിഷ്‌കരിക്കുകയായിരുന്നു.