നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കില്‍ പുലിക്ക് മാരകരോഗം; രോഗം പടരുമോയെന്ന് ആശങ്ക, പുലിയെ കാട്ടിലേക്ക് മാറ്റാന്‍ ശ്രമം

single-img
21 November 2019

കാട്ടാക്കട: നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കില്‍ പുലിക്ക് അപൂര്‍വ മായ മാരരോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. പുലിയെ കാട്ടിലേക്ക് മാറ്റാനാണ് ശ്രമം. മയക്കുവെടിവച്ച് കൂട്ടിലടച്ച പുലിയെ നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ വെട്ടിമുറിച്ച കോണ്‍ പ്രദേശ ത്തേക്ക് മാറ്റാനാണ് വനപാലകര്‍ ശ്രമിക്കുന്നത്.

പുലിയെ മാറ്റാനായി ഇന്നലെ രാത്രി കോന്നിയില്‍ നിന്ന് പ്രത്യേക കൂടെത്തിച്ചു. മറ്റു മൃഗങ്ങള്‍ക്ക് രോഗം പടരാനിടയുണ്ടെന്ന് മുന്നരിയിപ്പുണ്ടായിട്ടും ഇതവഗണിച്ചാണ് പുലിയെ കാട്ടിലേക്ക് മാറ്റുന്നത്.ഇക്കാര്യം പുറത്തറിഞ്ഞാല്‍ പ്രതിഷേധം ഉയരുമെന്ന സാധ്യത കണക്കിലെടുത്ത് രഹസ്യമായാണ് വനപാലകരുടെ നീക്കം. ചികിത്സ നല്‍കാനാണ് പാര്‍ക്കില്‍ നിന്ന് മാറ്റുന്നതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

പുലിയെ അടിയന്തരമായി മാറ്റണമെന്ന് സിസിഎഫ് നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാറ്റുന്ന സമയത്ത് പുലിയുടെ സ്രവങ്ങള്‍ ജീവനക്കാരുടെ ശരീരത്തിലാകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. പുലിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരും പീപ്പിള്‍ ഫോര്‍ അനിമല്‍ പ്രതിനിധിയുമടങ്ങുന്ന സംഘം 15 ന് നെയ്യാറിലെത്തിയിരുന്നു.