ഹൃദയാഘാതം: 12 അയ്യപ്പന്മാരുടെ ജീവന്‍ രക്ഷിച്ചു,ശബരിമലയില്‍ അടിയന്തര വൈദ്യസഹായവുമായി ആരോഗ്യ വകുപ്പിന്റെ 16 ഇഎംസികള്‍

single-img
21 November 2019

പമ്പയില്‍ നിന്നു ശബരിമല സന്നിധാനത്തേക്ക് മല കയറുന്ന അയ്യപ്പന്മാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്‍കുന്നതിന് 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍(ഇഎംസി) പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ആര്‍. സന്തോഷ് കുമാര്‍ പറഞ്ഞു. ഈവര്‍ഷത്തെ ശബരിമല തീര്‍ഥാടനം തുടങ്ങിയ ശേഷം ഹൃദയാഘാതം സംഭവിച്ച് ഇഎംസികളില്‍ എത്തിച്ച 15 പേരില്‍ 12 അയ്യപ്പന്മാരുടെ ജീവന്‍ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പമ്പ മുതല്‍ നീലിമല വരെ- മൂന്ന്(നീലിമല ബോട്ടം, നീലിമല മിഡില്‍, നീലിമല ടോപ്പ്), നീലിമല മുതല്‍ അപ്പാച്ചിമേട് വരെ-രണ്ട് (അപ്പാച്ചിമേട് ബോട്ടം, അപ്പാച്ചിമോട് മിഡില്‍), അപ്പാച്ചിമേട് മുതല്‍ മരക്കൂട്ടം വരെ-മൂന്ന് (അപ്പാച്ചിമേട് ടോപ്പ്, ഫോറസ്റ്റ് ക്യാമ്പ്, മരക്കൂട്ടം), മരക്കൂട്ടം മുതല്‍ ശരംകുത്തി വരെ -രണ്ട്(ക്യു കോംപ്ലക്‌സ്, ശരംകുത്തി), സന്നിധാനം-രണ്ട്(വാവരുടെ നട, പാണ്ടിത്താവളം), സ്വാമി അയ്യപ്പന്‍ റോഡ്- മൂന്ന്(ചരല്‍മേട് ആശുപത്രിക്ക് സമീപം, ചരല്‍മേട് 11-ാം വളവ്(മടുക്ക), ചരല്‍മേട് അഞ്ചാം വളവ്). കരിമല -1(ആശുപത്രിക്കു സമീപം) എന്നിവിടങ്ങളിലായി ആകെ 16 എമര്‍ജന്‍സി മെഡിക്കല്‍ സെന്റര്‍ പോയിന്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

അടിയന്തിര സാഹചര്യത്തില്‍ ജീവന്‍ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുക. എല്ലാ ഇഎംസികളിലും രക്തസമ്മര്‍ദം, രക്തത്തിലെ ഓക്‌സിജന്‍ നില എന്നിവ പരിശോധിക്കുക, ശ്വാസതടസമുണ്ടായാല്‍ നെബുലൈസേഷന്‍ നല്‍കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം പെട്ടെന്നു നിലച്ചു പോയാല്‍ പുനസ്ഥാപിക്കുന്നതിനുള്ള ഡിഫിബ്രിലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ കാല്‍തട്ടിയുള്ള മുറിവുകള്‍ക്ക് ഡ്രസിംഗ് ചെയ്തു നല്‍കും. ഇഎംസികളില്‍ സന്ധിവേദനയ്ക്കുള്ള മരുന്നുകളും ജെല്ലും ഒഴിച്ച് മറ്റു മരുന്നുകളൊന്നും നല്‍കുന്നില്ല.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇഎംസികളില്‍ രണ്ട് സ്റ്റാഫ് നഴ്‌സും രണ്ട് വോളന്റിയര്‍മാരും ഓരോ ടേണിലും ഉണ്ട്. എല്ലാ ഇഎംസികളെയും ഹോട്ട്‌ലൈന്‍ മുഖേന കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 2017-18ല്‍ 2,63,473 പേരും 2018-19ല്‍ 2,28,370 പേരും ഇഎംസികളില്‍ ചികിത്സ തേടിയിരുന്നു. 2017-18ല്‍ 36 പേരും 2018-19ല്‍ 24 പേരും മരണപ്പെട്ടു. 2019-20ല്‍ ഇതുവരെ മൂന്നുപേര്‍ മരണപ്പെട്ടു.