ഷാഫി പറമ്പിൽ എംഎൽഎയുടെ ചോരപുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം; സഭ പ്രക്ഷുബ്ധം • ഇ വാർത്ത | evartha Police atrocity against Shafi Parambil MLA: Opposition uproar in Kerala Assembly
Breaking News, Kerala, Top Stories

ഷാഫി പറമ്പിൽ എംഎൽഎയുടെ ചോരപുരണ്ട വസ്ത്രങ്ങളുമായി പ്രതിപക്ഷം; സഭ പ്രക്ഷുബ്ധം

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നിയമസഭ ഇന്ന് പ്രക്ഷുബ്ധമായി. പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തി മുദ്രാവാക്യം വിളിയുമായി പ്രതിപക്ഷം നിയമസഭയെ ഇളക്കിമറിക്കുകയായിരുന്നു.

മര്‍ദന ചിത്രങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും ചിത്രങ്ങളുമായി പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. ഷാഫിയുടെ ചോരപുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു അന്‍വര്‍ സാദത്ത് എംഎല്‍എയുടെ പ്രതിഷേധം. പൊലീസ് അതിക്രമത്തെ കുറിച്ച് സഭ  നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയനോട്ടിസ് നല്‍കി. വി.ടി.ബല്‍റാം എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്.

കെഎസ്‍യു മാര്‍ച്ചില്‍ എംഎല്‍എയെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന പ്രതിപക്ഷ നേതാവ് രൂക്ഷ പ്രതികരണമാണ് നിയമസഭാ നടപടികള്‍ ആരംഭിച്ചത് മുതല്‍ നടത്തിയത്. വി ടി ബല്‍റാം എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയായിരുന്നു. അഞ്ച് എംഎല്‍എമാര്‍ സ്‍പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ സഭ നിര്‍ത്തിവെക്കുകയും സ്‍പീക്കര്‍ ഇറങ്ങിപ്പോവുകയുമായിരുന്നു.

അതേസമയം മാർച്ചിനു നേരേയുണ്ടായ പൊലീസ് അക്രമം അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടു. അഡീ. ചീഫ് സെക്രട്ടറി വിഷയം അന്വേഷിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ സഭയെ അറിയിച്ചു.