ശിവസേനയുമായി കൂട്ടുസര്‍ക്കാര്‍; സോണിയയുടെ അനുമതിയെന്ന് എന്‍സിപി

single-img
20 November 2019

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൂട്ടുസര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സമ്മതം നല്‍കിയെന്ന് എന്‍സിപി നേതാവ് മജീദ് മെമന്‍. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ശിവസേനയ്ക്ക് 16,കോണ്‍ഗ്രസിന് 12,എന്‍സിപിക്ക് 15 മന്ത്രിമാര്‍ എന്നിങ്ങനെയാണ് നിലവില്‍ മുന്നണികള്‍ മുന്നോട്ടുവെച്ച ഫോര്‍മുല.തിങ്കളാഴ്ച സോണിയയുമായി ശരത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം സര്‍ക്കാര്‍ രൂപീകരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ശിവസേനയിലെ അസ്വാരസ്യങ്ങള്‍ പുറത്തുവന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് അനുമതി ലഭിച്ചില്ലെന്നാണ് വിവരം.

അതേസമയം മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പൊതുമിനിമം പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായും ഭാവിയില്‍ വര്‍ഗീയ നിലപാടുകളുമായി ശിവസേന മുന്നോട്ട് പോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ കോണ്‍ഗ്രസ് പിന്‍വലിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.