ഹെൽമറ്റ് വേട്ട: ആരെയും ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി • ഇ വാർത്ത | evartha Don't chase riders during helmet checking, warns Kerala High Court
Kerala, Latest News

ഹെൽമറ്റ് വേട്ട: ആരെയും ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി

ഹെല്‍മറ്റ് ധരിക്കാത്തതടക്കം ട്രാഫിക് നിയമലംഘനം നടത്തുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. ഗതാഗതനിയമലംഘനങ്ങള്‍ കായികമായല്ല നേരിടേണ്ടതെന്നും നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഹെല്‍മറ്റ് പരിശോധനക്കടക്കം  മാര്‍ഗനിര്‍ദേശങ്ങള്‍ നിശ്ചയിച്ച്  ഡിജിപി 2012-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നടപ്പായില്ലെന്നും കോടതി വിമര്‍ശിച്ചു. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിയമലംഘനം തടയുമെന്നായിരുന്നു സര്‍ക്കുലര്‍ .

ട്രാഫിക് സിഗ്നലുകള്‍ കാലോചിതമായി പരിഷ്കരിക്കണം. ട്രാഫിക് സര്‍വൈലന്‍സ് ക്യാമറ, ഡിജിറ്റല്‍ ക്യാമറ, ഹാന്‍ഡ് ഹെല്‍ഡ് ക്യാമറ എന്നിവ ഉപയോഗിച്ച് നിയമലംഘകരുടെയും ലംഘനങ്ങളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും കോടതി നിർദ്ദേശിച്ചു.

ഹെല്‍മറ്റ് പരിശോധനയ്ക്കിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരന് കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ച് ജസ്റ്റിസ് രാജ വിജയരാഘവനാണ് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്