ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതിന് ഉദ്യോഗസ്ഥർക്ക് നിൽപ്പ് ശിക്ഷ, ശകാരം പിന്നെ ഷോകോസ് നോട്ടീസും

single-img
20 November 2019

തിരുവനന്തപുരം: ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതിന് മൂന്ന് എസിപിമാരടക്കം ആറ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അർധരാത്രി വരെ നിൽപ്പ് ശിക്ഷയും ശകാരവും.

ട്രാഫിക്ക് സൗത്ത് കമ്മീഷണർ, കണ്‍ട്രോള്‍ റൂം അസി.കമ്മീഷണർ, നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ, രണ്ട് സിഐമാർ എന്നിവരെയാണ് ഡിജിപി തന്നെ നേരിട്ട് വിളിച്ചുവരുത്തി പൊലീസ് ആസ്ഥാനത്ത് അര്‍ധരാത്രിവരെ നിര്‍ത്തിയത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി.

ഗവർണറുടെ യാത്രക്കായി ഇന്നലെ വൈകിട്ട് വിമാനത്താവളത്തിലേക്കുള്ള റോഡിലും ചാക്ക -കഴക്കൂട്ടം പാതയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് നഗരത്തിൽ വലിയ ഗതാഗതകുരുക്കിനും കാരണമായി.

ഈ സമയം ഓഫീസില്‍ നിന്ന് കാറിൽ വരുകയായിരുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഭാര്യയും കുരുക്കിൽപ്പെട്ടു. ഗതാഗതക്കുരുക്കറിഞ്ഞ് ക്ഷുഭിതനായ ഡിജിപി ട്രാഫിക്ക് സൗത്ത് കമ്മീഷണർ, കണ്‍ട്രോള്‍ റൂം അസി.കമ്മീഷണർ, നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ, രണ്ട് സിഐമാർ എന്നിവരെ പൊലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. രാത്രി എട്ടു മണിമുതൽ 11മണിവരെ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്ത് നിര്‍ത്തി.

മുക്കാൽ മണിക്കൂറോളം നീണ്ട ശകാരത്തിനൊടുവിൽ ഡി.ജി.പി പോയെങ്കിലും ഉദ്യോഗസ്ഥരോട് ഓഫീസിൽ തുടരാൻ നിർദേശിച്ചു. പിന്നീട് കമ്മീഷണർ എം.ആർ. അജിത് കുമാർ സ്ഥലത്തെത്തി. നോർത്ത് ട്രാഫിക് എ.സി.പിയ്ക്കും സി.ഐയ്ക്കും മെമ്മോയും നൽകിയ ശേഷമാണ് വിഷയം അവസാനിച്ചത്.

കണ്ണമ്മൂലയും ബൈപ്പാസിലും ജലഅതോററ്റിയുടെ ജോലികള്‍ ഒരാഴ്ച മുമ്പേ തുടങ്ങുന്നതിനാൽ ഗാതഗതനിയന്ത്രണം വേണമെന്ന്  പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. എന്നിട്ടും ട്രാഫിക്ക് ജോലിയുണ്ടായിരുന്നവർ ഇക്കാര്യം വേണ്ടത്ര ജാഗ്രതയോടെ നോക്കിയില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിജിപിയെ അറിയിച്ചത്.

എന്നാൽ ശകാരത്തിലെവിടെയും ഭാര്യ ട്രാഫിക് ബ്ലോക്കിൽ പെട്ട കാര്യം ഡി.ജി.പി ഉന്നയിച്ചില്ല. ഗതാഗത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തുന്നെന്നായിരുന്നു ആരോപണം. അതെ സമയം ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയത് ട്രാഫിക് പരിഷ്കാരത്തെക്കുറിച്ച് ആലോചിക്കാനാണെന്നും ഇതിനായി ഞായറാഴ്ച പ്രത്യക യോഗം വിളിച്ചിട്ടുണ്ടെന്നുമാണ് വിശദീകരണം.