ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണം; യുഎഇയിൽ മൂന്നുദിവസത്തെ ദുഃഖാചരണം

single-img
19 November 2019

യുഎഇ ഭരണാധികാരിയുടെ പ്രതിനിധിയും സഹോദരനുമായ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അറിയിച്ചു. ഈ ദിവസങ്ങളിൽ ദേശീയ പതാക താഴ്ത്തിക്കെട്ടും.

യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ രണ്ടാമത്തെ മകനായി അൽഐനിലായിരുന്നു
ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ (63) ജനനം. മിൽഫീൽഡ് സ്കൂൾ, സാൻഡ്ഹഴ്സ്റ്റ് മിലിറ്ററി അക്കാദമി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. നേരത്തെ ഉപ പ്രധാനമന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. 

‘യുഎഇയിലെ ജനങ്ങളോടും അൽ നഹ്യാൻ കുടുംബത്തോടും ഞങ്ങളുടെ ദുഃഖം രേഖപ്പെടുത്തുന്നു. മഹാനായ ഷെയ്ഖ് സയീദിന്റെ മക്കൾ രാജ്യത്തിന്റെ പുരോഗതിയിൽ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. ഈ രാജ്യത്തെ നിർമിക്കുന്നതിന്റെ അടിത്തറയിട്ടത് അവരാണ്. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടേ എല്ലാ കരുണയും നൽകട്ടേ. യുഎഇയിലെ ജനങ്ങൾക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും സഹനത്തിനുള്ള ശക്തി ദൈവം നൽകട്ടേ.’


ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

അബുദാബി കിരീടാവകാശിയും യുഎഇ ആംഡ് ഫോർസ് ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനും അനുശോചനം രേഖപ്പെടുത്തി. ‘എനിക്കെന്റെ സഹോദരനെയും സുഹൃത്തിനെയും നഷ്ടമായി. രാജ്യത്തെ വിശ്വസ്തനും ബഹുമാനിതനുമായ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം’– ഷെയ്ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ പറഞ്ഞു.

ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിര്യാണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെയാണ് മോദി അനുശോചനം അറിയിച്ചത്. ദുഃഖത്തിന്റെ വേളയിൽ നഹ്യാൻ കുടുംബത്തിനും യുഎഇയിലെ ജനങ്ങൾക്കുമൊപ്പമാണ് തങ്ങളുടെ പ്രാർഥനകളെന്ന് മോദി ട്വിറ്ററിൽ കുറിച്ചു.