പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബ്ബന്ധമാക്കും; ലംഘിച്ചാൽ കർശന നടപടിയെന്ന് ഗതാഗത മന്ത്രി

single-img
19 November 2019

പിൻസീറ്റ് യാത്രക്കാരുടേയും ഹെല്‍മറ്റ് പരിശോധന നിര്‍ബന്ധമാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു.

നാല് വയസ്സിനു മുകളിലുള്ളവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിരുന്നത്. ഈ നിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഇപ്പോള്‍  വ്യക്തമാക്കിയിട്ടുള്ളത്. നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.