മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; കോണ്‍ഗ്രസ് എന്‍സിപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേക്ക്

single-img
19 November 2019

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസ് എന്‍സിപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തും. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. ശിവസേനയുമായി സഹകരിക്കേണ്ടെന്ന ഉറച്ച നിലപാടിലാണ് ഹൈക്കമാന്റ്. ഈ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകള്‍. കോണ്‍ഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എന്‍സിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജന്‍ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുല്‍ മുസ്ലിമീന്‍, പ്രഹര്‍ ജനശക്തി പാര്‍ട്ടി, സമാജ്‍വാദി പാര്‍ട്ടി എന്നിവര്‍ക്ക് 2 സീറ്റുകള്‍ വീതം കിട്ടി. 13 സ്വതന്ത്രര്‍ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാര്‍ട്ടികള്‍ക്ക് ഓരോ സീറ്റ് വീതവും കിട്ടി. 288 അംഗങ്ങളുള്ള നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകള്‍ വേണം എന്നതാണ് അനിശ്ചിതത്വം തുടരാന്‍ കാരണം.