പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ • ഇ വാർത്ത | evartha
Kerala

പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച യുവാവ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പ്രദേശത്തെ കരിമഠം കോളനിയിൽ താമസിക്കുന്ന ബിജുവിനെയാണ് വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ബിജുവിനെ പിറ്റേന്ന് തന്നെ ജാമ്യത്തിൽ വിട്ടയച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ സംശയം തോന്നിയാണ് പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിൽ ബിജുവും സംഘർഷത്തിൽ പങ്കാളിയാണെന്ന് മനസിലായതായി പോലീസ് പറയുന്നു.

പക്ഷെ ബിജുവിനെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തിയിരുന്നില്ല. അതിനാൽ തന്നെ ഇയാളെ ഞായറാഴ്ച സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ നടത്തുന്ന മൃതദേഹം തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.