അയ്യപ്പ ഭക്തര്‍ക്കൊപ്പം ആന്ധ്രയില്‍ നിന്നും 480 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒരു തെരുവ് നായ • ഇ വാർത്ത | evartha Stray dog walks over 480kms with 13 devotees to Sabarimala
Featured, Kerala, Social media watch

അയ്യപ്പ ഭക്തര്‍ക്കൊപ്പം ആന്ധ്രയില്‍ നിന്നും 480 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഒരു തെരുവ് നായ

ശബരിമലയിലേക്ക് കാൽനടയായി പുറപ്പെട്ട അയ്യപ്പ ഭക്തരെ പിന്തുടര്‍ന്ന് നടക്കുന്ന തെരുവ് നായയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നു. ഭക്തർക്കൊപ്പം ഇതുവരെ 480 കിലോമീറ്ററോളം ഈ നായയും പിന്നാലെ കൂടി. ആന്ധ്രപ്രദേശിലുള്ള തിരുമലയില്‍ നിന്ന് ഒക്ടോബര്‍ 31നാണ് കാല്‍നടയായി ഈ ഭക്തര്‍ യാത്ര തുടങ്ങിയത്. ഈ മാസം 17ന് ചിക്കമംഗളൂരു ജില്ലയിലെ കോട്ടിഗെഹരയില്‍ സംഘം എത്തിച്ചേര്‍ന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇവർ പക്ഷെ ഇങ്ങിനെ ഒരു നായ തങ്ങളെ പിന്തുടരുന്നത് ആദ്യം ശ്രദ്ധിച്ചില്ല. ‘ഞങ്ങള്‍ തുടക്കത്തിൽ നായയെ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഞങ്ങൾ നടക്കുമ്പോള്‍ ഇത് പിന്നാലെ തന്നെ വരുന്നത് ശ്രദ്ധിച്ചു. തുടർന്ന് ഞങ്ങള്‍ കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഒരുപങ്ക് നായയ്ക്കും നല്‍കും.ഞങ്ങൾ സ്ഥിരമായി എല്ലാ വര്‍ഷവും ശബരിമല യാത്ര പോകാറുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവം’. – ഈ ഭക്തര്‍ പറയുന്നു.

നായ ഭക്തർക്കൊപ്പം പിന്നാലെ നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാന്‍ അധികം സമയം വേണ്ടിവന്നില്ല. ഹൃദയസ്പര്‍ശിയായ ഈ കാഴ്ചയ്ക്ക് ആളുകള്‍ മികച്ച പ്രതികരണവും രേഖപ്പെടുത്തി. ഈ ഭക്തർ തങ്ങളുടെ പിന്നാലെ വരുന്ന നായയെ ശ്രദ്ധിച്ച് അതിന് ഭക്ഷണം കൊടുത്തതിലും വലിയ പ്രാര്‍ത്ഥനയില്ലെന്നാണ് ഒരാള്‍ കുറിച്ചത്.

രണ്ട് മാസകാലം നീളുന്ന മണ്ഡലക്കാലത്തിന് ശബരിമലയില്‍ കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരിക്കുകയാണ്. നട തുറന്ന ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ തന്നെ വന്‍വരുമാനവും ക്ഷേത്രത്തിന് ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.