ഒറ്റക്കയ്യാൽ വിഷ്ണു ഉതിർക്കുന്നത് പടുകൂറ്റൻ സിക്‌സറുകൾ • ഇ വാർത്ത | evartha
Kerala, Sports

ഒറ്റക്കയ്യാൽ വിഷ്ണു ഉതിർക്കുന്നത് പടുകൂറ്റൻ സിക്‌സറുകൾ

കുട്ടിയായിരിക്കുമ്പോൾ സംഭവിച്ച ബസ് അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടതിന്റെ വിഷമതകളെയെല്ലാം അതിജീവിച്ച് കളിക്കളത്തിലും പൊതുപ്രവർത്തനത്തിലുമൊക്കെ സൂപ്പർ താരമായിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വട്ടംകുളം തൈക്കാട് പെ‍ാക്കഞ്ചേരി രാജന്റെ മകൻ വിഷ്ണു (21). ഇപ്പോൾ പറക്കുളം മൈനോറിറ്റി കോളജ് ബികോം അവസാന വർഷ വിദ്യാർഥിയും വട്ടംകുളം മണ്ഡലം കെ‌എസ്‌യു പ്രസിഡന്റുമായ വിഷ്ണു കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറി കൂടിയാണ്.

ശരീരത്തിന്റെ വൈകല്യത്തിന് മുന്നിൽ മനസ്സിന്റെ നിശ്ചദാർഢ്യം കൈമുതലാക്കി ക്രിക്കറ്റ് ഗ്രൗണ്ടിലിറങ്ങിയ വിഷ്ണു ഇതിന് പുറമെ ഫുട്ബോൾ, നീന്തൽ, ഡ്രൈവിങ്, മരംകയറ്റം തുടങ്ങി വോളിബോൾ മൈതാനത്തുവരെ വിഷ്ണു കഴിവു തെളിയിച്ചു. ഇപ്പോഴാകട്ടെ ഇവിടുള്ള ടീംസ് തൈക്കാട് ക്ലബ്ബിലും ഗ്രീൻ സിറ്റിയിലും സജീവ അംഗമാണിപ്പോൾ വിഷ്ണു.

ക്ലബ്ബ്കൾക്ക് വേണ്ടി സമീപപ്രദേശങ്ങളിൽ നടക്കുന്ന മത്സരങ്ങളിലെല്ലാം പങ്കെടുക്കുന്നു. വിഷ്ണു കളിക്കാൻ ഉണ്ടെങ്കിൽ ഒപ്പമുള്ളവർക്കും അത് പ്രചോദനമാണ്. കളിക്കളത്തിൽ വിഷ്ണു നടത്തുന്ന പ്രകടനത്തെക്കുറിച്ച് സോഷ്യൽ മീഡിയകളിൽക്കൂടി അറിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങി ഒട്ടേറെ പേർ അഭിനന്ദനമറിയിച്ചു.