‘വേഗത കുറച്ച്‌ വാഹനം ഓടിച്ചില്ലെങ്കില്‍ ‘കരണം അടിച്ച്‌ പൊട്ടിക്കും’; വൈറലായി നാട്ടുകാരുടെ ഫ്‌ളക്‌സ് ബോര്‍ഡ്

single-img
18 November 2019

ഇടുക്കി: വാഹനങ്ങള്‍ക്ക് വേഗതകുറയ്ക്കാനാവശ്യപ്പെട്ട് ഇടുക്കിയില്‍ നാട്ടുകാര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ‘വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കില്‍ അടിച്ച് കരണം പൊട്ടിക്കും’ എന്ന മുന്നറിയിപ്പാണ് ഫ്‌ളക്‌സിലുള്ളത്. ഇടുക്കി ജില്ലയിലെ ഉളുപ്പുണി നിവാസികളാണ് ഇത്തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്.

വാഗമണ്‍ ഉളുപ്പുണി, വണ്ടിപ്പെരിയാര്‍സത്രം റൂട്ടില്‍ സഞ്ചാരികളുമായി മരണപ്പാച്ചില്‍ നടത്തുന്ന ട്രെക്കിംഗ് ജീപ്പുകളെ മുന്നില്‍ കണ്ടാണ് മുന്നറിയിപ്പ്.  നിരന്തരമായി അപകടങ്ങള്‍ നടക്കുന്ന റൂട്ടാണ് വാഗമണ്‍-ഉളുപ്പുണി റൂട്ട്.  കുതിച്ചു പായുന്ന ട്രെക്കിംഗ് ജീപ്പുകള്‍ക്ക് നേരെ പോലീസും മോട്ടോര്‍ വാഹന വകുപ്പും കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

പരാതികള്‍ പലതു നല്‍കിയെങ്കിലും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ഇതൊന്നും കണക്കിലെടു ക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. അപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഉളുപ്പുണി നിവാസികള്‍ ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.