
കട്ടപ്പന: ടിവി കാണുന്നതിനിടെ ചാനൽ മാറ്റിയതിന് ഭാര്യയെയും മകളെയും വിറക് കൊണ്ട് അടിച്ചു പരുക്കേൽപിച്ച ഗൃഹനാഥൻ അറസ്റ്റിൽ. വളകോട് ഈട്ടിക്കത്തടത്തിൽ സുരേഷ് നൈനാനാ(47)ണ് ഭാര്യ മേഴ്സി (42), മകൾ മെർലിൻ (20)എന്നിവരെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചത്.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. സുരേഷ് ടിവി കാണുന്നതിനിടെ മേഴ്‌സി ചാനൽ മാറ്റിതാണ് വഴക്കിന് തുടക്കം. ക്ഷുഭിതനായ സുരേഷ് വിറക് കമ്പ് എടുത്തു കൊണ്ടുവന്ന് മേഴ്‌സിയുടെ തലയ്ക്ക് അടിച്ചു. ഇത് കണ്ടെത്തിയ മകൾ തടയാൻ ശ്രമിച്ചതോടെ മകളുടെ തലയ്ക്കും അടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് മദ്യലഹരിയിലായിരുന്നു. ഉപ്പുതറ പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാൻഡു ചെയ്തു.