ജന്മദിനത്തിന് കേക്ക് മുറിക്കരുത്; ഒരു കാരണവശാലും മെഴുകുതിരി കത്തിക്കരുത്; അതൊക്ക ക്രൈസ്തവ രീതികളാണ്; കേന്ദ്രമന്ത്രി

single-img
18 November 2019

ഡല്‍ഹി: സനാതന ധര്‍മം കാത്തു സൂക്ഷിക്കുന്നതിനായി ഹിന്ദുക്കള്‍ക്ക് വിചിത്ര നിര്‍ദേശങ്ങളുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഹിന്ദുക്കളുടെ ജന്മദിനത്തിന് കേക്കു മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അത്തരം കാര്യങ്ങള്‍ ക്രിസ്ത്യന്‍ രീതികളാണെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിചിത്ര നിര്‍ദേശങ്ങള്‍.

സനാതന ധര്‍മ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികള്‍ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം.കുട്ടികളെ രാമായണം, ഗീത, ഹനുമാന്‍ ചാലിസ എന്നിവ പഠിപ്പിക്കണം. സനാതന ധര്‍മവും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കുമെന്ന് കാളിയുടെ പേരില്‍ പ്രതിജ്ഞ ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

മെഴുകുതിരികള്‍ക്കു പകരം മണ്‍ചിരാതുകള്‍ കത്തിക്കുക. മിഷനറി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ സനാതന ധര്‍മത്തിനു പകരം ക്രിസ്ത്യന്‍ ജീവിത രീതിയാണു പഠിക്കുന്നത്.മറ്റു മതങ്ങളില്‍ ജനങ്ങള്‍ ഞായറാഴ്ച പള്ളികളില്‍ പോകും. വെള്ളിയാഴ്ച പ്രാര്‍ത്ഥിക്കും. നമ്മുടെ മതത്തില്‍ ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിച്ച മിഷനറി സ്‌കൂളില്‍ കുട്ടികള്‍ക്ക് അഡ്മിഷന്‍ എടുക്കുന്നു. തിരിച്ചുവന്ന് നെറ്റിയില്‍ തിലകക്കുറി വേണ്ടെന്ന് അവര്‍ അമ്മമാരോടു പറയുമെന്നും ഗിരിരാജ് സിങ് വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ പോയി ശിവനെയും കാളിയെയും പ്രാര്‍ത്ഥിക്കുകയാണു ചെയ്യേണ്ടതെന്നും മന്ത്രി നിര്‍ദ്ദേശം വയ്ക്കുന്നുണ്ട്. അതേസമയം മന്ത്രിയുടെ വിചിത്ര വാദത്തിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇത്തരം പരാമര്‍ശങ്ങള്‍ വര്‍ഗീയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ മാത്രമെ ഉപകരിക്കൂ എന്നു പറഞ്ഞാണ് വിമര്‍ശനങ്ങള്‍.