ആഗ്രയുടെ പേര് അഗ്രവാന്‍ എന്ന് മാറ്റാനൊരുങ്ങി യോഗി സര്‍ക്കാര്‍

single-img
18 November 2019

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ചരിത്ര നഗരമായ ആഗ്രയുടെ പേര് മാറ്റാനുള്ള നീക്കവുമായി യുപിയിൽ യോഗി ആദിത്യനാഥ് സർക്കാർ. ആഗ്രയുടെ പേര് ഇനി അഗ്രവാൻ എന്നാക്കിമാറ്റാനാണ് സർക്കാർ ആലോചന. ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്താനായി ആഗ്രയിലെ അംബേദ്കകർ സർവകലാശാലയിലെ ചരിത്ര ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദ്ദേശം നൽകുകയുംചെയ്തു.

ഇതിന് മുൻപ് ആഗ്ര മറ്റേതെങ്കിലും പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്ന് പരിശോധിക്കാനാണ് സർക്കാർ നിർദ്ദേശം. സർക്കാരിന്റെ ഭാഗത്തുനിന്നും തങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പരിശോധന തുടങ്ങിയതായും സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം ആനന്ദ് പറയുകയും ചെയ്തു.

ചരിത്ര നഗരമായ ആഗ്രയുടെ പേരു മാറ്റണമന്ന് അടുത്തിടെ അന്തരിച്ച ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവുമായി യോഗി സർക്കാരിന് അദ്ദേഹം കത്തും എഴുതിയിരുന്നു.

അതേസമയം സംസ്ഥാനത്തെ അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗൾസരായിയുടേത് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നും മാറ്റിയതിന്റെ പിന്നാലെയാണ് ആഗ്രയുടെ പേരു മാറ്റാനുള്ള സർക്കാർ നീക്കം.