അയോധ്യ: അഞ്ചേക്കർ വേണ്ട; പുനഃപരിശോധന ഹര്‍ജി നൽകാൻ മുസ്ലീം വ്യക്തിനിയമ ബോർഡ്

single-img
17 November 2019

അയോധ്യ തർക്കഭൂമി കേസിലെ സുപ്രീംകോടതി വിധിക്കെതിരെ മുസ്ലീം വ്യക്തിനിയമ ബോർഡ് പുനഃപരിശോധന ഹര്‍ജി നൽകുമെന്ന് തീരുമാനമെടുത്തു. അയോധ്യയിൽ തന്നെ പള്ളി നിർമ്മിക്കാനുള്ള അഞ്ചേക്കർ ഭൂമി നൽകണം എന്നുള്ള കോടതിയുടെ നിർദ്ദേശം സ്വീകരിക്കേണ്ടെന്നും ബോർഡിന്റെ യോഗത്തില്‍ തീരുമാനമായി.

അതെസമയം ഇന്ന് ലക്നൗവില്‍ നടക്കുന്ന നിര്‍ണ്ണായക യോഗം സുന്നി വഖഫ് ബോര്‍ഡ് ബഹിഷ്ക്കരിച്ചു. തർക്ക ഭൂമിയിൽ 2.27 ഏക്കര്‍ തര്‍ക്ക ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കിയതിലാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ പ്രതിഷേധം. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലൂടെ തങ്ങൾക്ക് നീതി കിട്ടിയില്ലെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് അഭിപ്രായപ്പെട്ടു.

അയോധ്യയിൽ ഉണ്ടായിരുന്ന ആരാധനാലയമായ ബാബറി മസ്ജിദ് തകർത്തത് ഭരണഘടനാവിരുദ്ധമെന്നും ഒരു ക്ഷേത്രവും മസ്ജിദിനായി തകർത്തിട്ടില്ലെന്നും സുപ്രീംകോടതി കണ്ടെത്തിയെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ് വാദിച്ചു.കോടതി വിധിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ബോർഡ് അഭിപ്രായപ്പെട്ടു. പള്ളിക്കുള്ളിൽ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍.

അതേസമയം അയോധ്യകേസില്‍ ഇനി നിയമ പോരാട്ടം വേണ്ടെന്ന നിലപാടാണ് സുന്നി വഖഫ് ബോര്‍ഡിനുള്ളത്.
വിഷയത്തിൽ പുനപരിശോധന ഹര്‍ജി നല്‍കേണ്ടെന്നാണ് സുന്നി വഖഫ് ബോര്‍ഡിന്‍റെയും കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇക്ബാര്‍ അന്‍സാരിയുടെയും നിലപാട്.