തലസ്ഥാനനഗരിയില്‍ വീണ്ടും പൊലീസിന്റെ കിരാത നടപടി; ഗതാഗതനിയമം ലംഘിച്ചെന്നാരോപിച്ച് യുവാവിനെ കയ്യേറ്റം ചെയ്തു, ചോദ്യം ചെയ്ത തൃശൂര്‍സ്വദേശിയെ കള്ളക്കേസ് ചുമത്തി അറസ്റ്റു ചെയ്തു

single-img
17 November 2019

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പൊലീസിന്റെ ക്രൂര നടപടി. ഇന്നലെ നഗരത്തില്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് സമീപം ഗതാഗത നിയമം ലംഘിച്ചെന്നാരോപിച്ച് യുവാവിനെ പൊലീസ് അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. കൊല്ലം സ്വദേശി ബോബി എന്ന യുവാവിനെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. പിന്നീട് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സംഭവം കണ്ടുനിന്ന നാട്ടുകാര്‍ പൊലീസിനെ തടയാന്‍ ശ്രമിച്ചു. കൂട്ടത്തില്‍ പൊലീസ് നടപടി ചോദ്യം ചെയ്ത തൃശൂര്‍ സ്വദേശി വൈശാഖ് എന്ന യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃക്‌സാക്ഷികളായ നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടിട്ടും യുവാക്കളെ വിടാന്‍ പൊലീസ് തയ്യാറായില്ല.ഇരുവരെയും അറസ്റ്റ് ചെയ്ത് കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തിച്ചു.

പൊലീസ് നടപടി ചോദ്യം ചെയ്ത വൈശാഖ് എന്ന യുവാവിനെ നക്‌സലൈറ്റ് ആണെന്ന രീതിയില്‍ പൊലീസ് ചോദ്യം ചെയ്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കസ്റ്റഡിയിലായവര്‍ പൊലീസിനെ ആക്രമിച്ചെന്നാണ് പൊലീസിന്റെ വിശദീകരണം. അങ്ങനെ ഉണ്ടായിട്ടില്ലെന്ന് സംഭവം കണ്ടു നിന്ന നാട്ടുകാര്‍ പറഞ്ഞു.

ഇവര്‍ക്കെതിരെ 294B 332, 506 വകുപ്പുകള്‍ ചുമത്തി. കോടതിയില്‍ ഹാജരാക്കി.കോടതി യുവാക്കള്‍ക്ക് താല്‍ക്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ വിവിധ വിഷയങ്ങളിലായി പൊലീസിനെതിരെ വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്നതിനിടെയാണ് വീണ്ടും കേരളാ പൊലീസിന്റെ ഭീകരത വെളിപ്പെടുത്തുന്ന ഈ സംഭവം.