കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍; പ്രതിഷേധത്തിനായി പാര്‍ലമെന്‍റില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസ്

single-img
17 November 2019

കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാര്‍ട്ടികളെ സംഘടിപ്പിച്ച് പാര്‍ലമെന്‍റില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ദേശീയ പൌരത്വഭേദഗതി ബില്‍ ഉൾപ്പെടെയുള്ള നിരവധി ബില്ലുകള്‍ നാളെ ആരംഭിക്കുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രം അവതരിപ്പിക്കാനിരിക്കെയാണ് ഈ നീക്കം.

മദ്രാസ് ഐഐടിയിൽ വിദ്യാര്‍ത്ഥിനിയായിരുന്ന ഫാത്തിമയുടെ ആത്മഹത്യ കേരള എംപിമാര്‍ ഒറ്റക്കെട്ടായി പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. കാശ്മീർ, രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി, ഗാന്ധി കുടുംബത്തിന്‍റെ സുരക്ഷ പിന്‍വലിച്ചത്, ഫോൺ- വാട്സാപ്പ് ചോര്‍ത്തല്‍ തുടങ്ങി നിരവധി വിഷയങ്ങളാണ് പ്രതിപക്ഷത്തിന് മുന്നിലുളളത്.

നാളെ മുതൽ പാര്‍ലമെന്‍റില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കാനായി ഒരേപോലെ ചിന്തിക്കുന്ന എല്ലാ പ്രതിപക്ഷപാര്‍ട്ടികളെയും ഒരുമിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. കേന്ദ്ര സർക്കാർ പാര്‍ലമെന്‍റിന്‍റെ അവകാശം കവര്‍ന്നെടുക്കുന്ന രീതിയില്‍ ബില്ലുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഇന്നലെ നടന്ന സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയതായി വാര്‍ത്തസമ്മേളനത്തില്‍ എംപി പറഞ്ഞു.

കേരളത്തിലുണ്ടായ പ്രളയത്തില്‍ കേന്ദ്രസർക്കാർനാമമാത്ര സഹായം നല്‍കിയ നടപടിക്കെതെരെയും കേരള എംപിമാര്‍ പ്രതിഷേധിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ഇപ്പോഴുള്ള കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നടക്കുന്ന രണ്ടാമത്തെ പാര്‍ലമെന്‍റ് സമ്മേളനമാണ് നാളെ ആരംഭിക്കുന്നത്.അടുത്ത മാസം പതിമൂന്നിനാണ് പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിക്കുക.