ഭാരത്‌ പെട്രോളിയവും എയര്‍ ഇന്ത്യയും 2020 മാര്‍ച്ചില്‍ വില്‍ക്കുമെന്ന് നിര്‍മലാ സീതാരാമന്‍

single-img
17 November 2019

ഡല്‍ഹി: 2020 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും വില്‍ക്കുമെന്ന് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍.ഇരു സ്ഥാപനങ്ങളും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി. ഇംഗ്ലീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് വിശദീകരണം. എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ മുന്‍ വര്‍ഷങ്ങളിലേക്കാള്‍ താത്പര്യം കാണിക്കുന്നുണ്ടെന്നും, സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാന്‍ ശരിയായ സമയത്ത് ഇടപെടലുകള്‍ നടത്തിയിട്ടുള്ള സര്‍ക്കാര്‍ എല്ലാ മേഖലകളിലെയും പ്രതിസന്ധികള്‍ മറികടക്കുമെന്നും നിര്‍മ്മല സീതാരാമന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.